Home Top Storiesഅത്ഭുത രക്ഷ! നേപ്പാളിൽ തുരങ്കത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികൾക്ക് ഏഴ് ദിവസത്തിന് ശേഷം പുതുജീവൻ

അത്ഭുത രക്ഷ! നേപ്പാളിൽ തുരങ്കത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികൾക്ക് ഏഴ് ദിവസത്തിന് ശേഷം പുതുജീവൻ

by news_desk1
0 comments

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽപ്രളയത്തിൽ തുരങ്കത്തിൽ കുടുങ്ങിയ രണ്ട് നിർമാണ തൊഴിലാളികൾക്ക് അത്ഭുതകരമായ രക്ഷ. ഏഴ് ദിവസത്തിന് ശേഷമാണ് ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിയിരുന്ന രണ്ട് തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തിയത്. സഞ്ജയ് സാഹ, കബീർ മഹാരാജൻ എന്നിവർക്കാണ് പുതുജീവൻ ലഭിച്ചത്. അതേസമയം, തുരങ്കത്തിനുള്ളിൽ ഇനിയും ആളുകൾ ജീവനോടെ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.

ദുരന്തത്തിൽ വിറങ്ങലിച്ച നേപ്പാളിൽ നിന്ന് ആശ്വാസകരമായ വാർത്തയായാണ് രക്ഷാപ്രവർത്തന വിവരം പുറത്തുവന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കാണാതായവരുടെ പ്രതീകാത്മക രൂപങ്ങൾ നിർമ്മിച്ച് സംസ്കരിക്കുന്ന വാർത്തകൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. ഏതാണ്ട് 12 ജലവൈദ്യുത പദ്ധതികളിലായി 900ഓളം തൊഴിലാളികളെ കാണാതായെന്നായിരുന്നു വിവരം. തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് തുരങ്ക രക്ഷാപ്രവർത്തനത്തിൽ പരിശീലനം നേടിയവരും നേപ്പാളിലെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.

പ്രളയത്തിൽ ത്രിശൂലി പ്രദേശം പൂർണമായും തകർന്നിരുന്നു. എന്നാൽ പരിശോധനയ്ക്കിടെ തുരങ്കത്തിനുള്ളിൽ നിന്ന് ശബ്ദം കേട്ടതോടെയാണ് രക്ഷാപ്രവർത്തനം ഊർജിതമായത്. തുടർന്ന് കുഴിച്ച് തുരങ്കമുഖം വരെ രക്ഷാപ്രവർത്തകർ എത്തി. ചെറിയ വിടവിലൂടെ അകത്തുകടന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെയും ജീവനോടെ കണ്ടെത്തിയത്.

രക്ഷപ്പെട്ട സഞ്ജയ് സാഹ മെക്കാനിക്കൽ ഫോർമാനാണ്. കബീർ മഹാരാജൻ മെക്കാനിക്കൽ സൂപ്പർവൈസറുമാണ്. ഒരാഴ്ചയോളമാണ് ഇരുവരും ഭക്ഷണമോ വെള്ളമോ ഇല്ലാതെ തുരങ്കത്തിനുള്ളിൽ കഴിഞ്ഞത്. തുരങ്കത്തിനുള്ളിൽ നിന്ന് കൂടുതൽ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.

അതേസമയം, നേപ്പാളിൽ 5,000ത്തിലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. കാണാതായ ഇന്ത്യക്കാരുടെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധനയ്ക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും റിപ്പോർട്ടുണ്ട്. ഇതിനായി സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ഏകോപനത്തിന് കേന്ദ്ര നിർദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന തല ഫോറൻസിക് ലബോറട്ടറികളുടെ സേവനം ഉറപ്പാക്കുകയും ഇന്ത്യയിൽ താമസിക്കുന്ന ബന്ധുക്കളുടെ സാമ്പിളുകൾ ശേഖരിക്കുകയുമാണ് ലക്ഷ്യം. ഇതുസംബന്ധിച്ച നിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്. കാണാതായവരുടെ ബന്ധുക്കൾ ഡിഎൻഎ സാമ്പിളുകൾ നൽകണമെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

You may also like