Home Keralaസുകുമാരക്കുറുപ്പെന്ന പ്രചാരണത്തിൽ ദുഃഖവും ഭയവും; ബ്രൂണൈയിലെ മലയാളി വയോധികൻ പ്രതികരണവുമായി

സുകുമാരക്കുറുപ്പെന്ന പ്രചാരണത്തിൽ ദുഃഖവും ഭയവും; ബ്രൂണൈയിലെ മലയാളി വയോധികൻ പ്രതികരണവുമായി

by news_desk1
0 comments

തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ തനിക്ക് ദുഃഖവും ഭയവും ഉണ്ടാക്കുന്നുവെന്ന് ബ്രൂണൈയിൽ കഴിയുന്ന മലയാളി വയോധികൻ. താൻ സുകുമാരക്കുറുപ്പല്ലെന്നും പാരിജാതനും സുഹൃത്തും ചേർന്ന് തന്നെ സുകുമാരക്കുറുപ്പായി ചിത്രീകരിക്കുകയാണെന്നും ദാമോദര മോനോൻ എന്ന് പരിചയപ്പെടുത്തിയ വയോധികൻ പറഞ്ഞു.

വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയാണ് പാരിജാതൻ തന്നോട് ക്രൂരമായി പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്നെക്കുറിച്ചുള്ള വാർത്ത പുറത്തുവരുന്നതുവരെ സുകുമാരക്കുറുപ്പ് എന്ന പേരോ അയാളുടെ കുറ്റകൃത്യമോ തനിക്ക് അറിയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വാർത്താ ചാനലിലെ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ തന്നോട് ഒരു വാക്കുപോലും ചോദിക്കാതെയാണ് തന്നെക്കുറിച്ചുള്ള വ്യാജവാർത്ത നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രിയോടും മുഖ്യമന്ത്രിയോടും അറിയിക്കുക എന്നതാണ് മാധ്യമങ്ങളിലൂടെയുള്ള പ്രതികരണത്തിന്റെ ലക്ഷ്യമെന്നും വയോധികൻ വ്യക്തമാക്കി. പാരിജാതനും മറ്റൊരാളും ഇവിടെ എത്തി തന്റെ ഫോണുകളെല്ലാം പരിശോധിച്ചു. താൻ സുകുമാരക്കുറുപ്പല്ലെന്ന് പലതവണ പറഞ്ഞിട്ടും ബലം പ്രയോഗിച്ചാണ് അവർ ഇത്തരം നടപടികളിൽ ഏർപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇക്കാര്യത്തിൽ നിയമനടപടിയുമായി ദാമോദര മോനോൻ മുന്നോട്ടുപോകുമോയെന്നതാണ് ഇനി പ്രധാനമായും ഉറ്റുനോക്കുന്നത്.

കേരളത്തിലേക്ക് തിരിച്ചുവരാൻ താൽപര്യമുണ്ടെന്നും മക്കളുടെ സംരക്ഷണയിൽ കഴിയാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം മാത്രമേ കേരളത്തിലേക്ക് മടങ്ങിവരാൻ സാധിക്കൂവെന്നും വ്യക്തമാക്കി.

ബ്രൂണൈയിലെ മലയാളികളുടെ സഹകരണത്തോടെയാണ് ദാമോദര മോനോൻ ഇപ്പോൾ മാധ്യമങ്ങളിലൂടെ തന്റെ പ്രതികരണങ്ങളും വിശദീകരണങ്ങളും നടത്തുന്നത്.

You may also like