തിരുവനന്തപുരം: എസ്എഫ്ഐ സമരവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നടപടികൾ തുടരാൻ പൊലീസിന്റെ തീരുമാനം. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ വധശ്രമക്കുറ്റം ചുമത്തി എഫ്ഐആറിൽ പേരുചേർത്ത 30ലധികം പേരെ അറസ്റ്റ് ചെയ്യാനാണ് നീക്കം.
എസ്എഫ്ഐ പ്രവർത്തകരിൽ പലരും സിപിഎം കേന്ദ്രങ്ങളിൽ സംരക്ഷണത്തിലാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രവർത്തകരെ അറസ്റ്റ് ചെയ്താൽ പൊലീസ് സ്റ്റേഷനുകൾ ഉപരോധിക്കാനാണ് സിപിഎം-ഡിവൈഎഫ്ഐ തീരുമാനം.
തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി എസ്എഫ്ഐയുടെ പ്രതിഷേധം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് തുടരുന്നത്. വ്യാഴാഴ്ച രാത്രിയോടെ രണ്ട് എസ്എഫ്ഐ പ്രവർത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എഴുപതോളം പ്രവർത്തകർ പങ്കെടുത്ത മാർച്ച് പൊലീസ് സ്റ്റേഷന് സമീപം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.
