ഇടുക്കി: കാന്തപുരത്തെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ചില മുസ്‌ലിം സാമുദായിക സംഘടനകൾ രംഗത്തെത്തിയ വിഷയത്തിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമൂഹത്തിൽ ഓരോരുത്തർക്കും അവരുടെ നിലപാടുകൾ പറയാമെന്നും വിഷയത്തിൽ തന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ഉണ്ടായ പൊലീസ് മർദ്ദനത്തിൽ നടപടി ഉണ്ടായില്ലെന്ന ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. വി.എസ്. സുജിത്തിന്റെ പരാതി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ടെന്നും ഐ.ജി. പൂട്ട വിമലാദിത്യ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പേർക്കെതിരെ കഴിഞ്ഞ സർക്കാർ നടപടിയെടുത്തിരുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ നടപടി സ്വീകരിക്കുമെന്നും സുജിത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ പൊലീസുകാരെ ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാൻ ഈ നാടിന്റെ ആവശ്യമാണ്. തലമുറകളെ രക്ഷിക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. പൊലീസുകാർ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെ അവരെ ആക്രമിക്കുന്ന നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരം സംഭവങ്ങളിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് രാപ്പകൽ വ്യത്യാസമില്ലാതെയാണ് ഡ്യൂട്ടി നിർവഹിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
എസ്.എഫ്.ഐക്കെതിരായ പൊലീസ് നടപടിയിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. എസ്.എഫ്.ഐ എന്തിനാണ് സമരം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എസ്.എഫ്.ഐ പ്രവർത്തകർ എ.സി.പിയുടെ കഴുത്തിൽ കുത്തിപ്പിടിച്ചെന്നും പൊലീസിനെ മർദ്ദിച്ചെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് വളരെ സംയമനം പാലിച്ചാണ് നിന്നതെന്നും പൊലീസിനെ ആക്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ എന്നവകാശപ്പെടുന്നയാൾ അറസ്റ്റിലായ കേസിൽ അന്വേഷണം കൃത്യമായി മുന്നോട്ടുപോകുകയാണെന്നും പ്രതികളെല്ലാം ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യം പിടിയിലായ ഹുസൈന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നും അവയുടെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് നൽകിയാൽ അത് പ്രതികളെ സഹായിക്കുന്ന നടപടിയാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇക്കാര്യത്തിൽ ആരോപണം ഉന്നയിക്കുന്നവർക്ക് ഒന്നുകിൽ അന്വേഷണ നടപടിക്രമങ്ങളെക്കുറിച്ച് അറിവില്ലായിരിക്കാമെന്നും അല്ലെങ്കിൽ സർക്കാരിനെ കുറ്റപ്പെടുത്താൻ ഒരു വഴി തേടുകയായിരിക്കാമെന്നും അദ്ദേഹം വിമർശിച്ചു.
