കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം അനുവദിച്ചു. പക്ഷാഘാതത്തെ തുടർന്ന് പ്രശാന്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.
ജൂലൈ 23-ന് പ്രശാന്തിന്റെ ജാമ്യാപേക്ഷ ആദ്യം പരിഗണിച്ചപ്പോൾ കൊല്ലം വിജിലൻസ് കോടതി അത് തള്ളിയിരുന്നു. കുറ്റകൃത്യത്തിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു അന്നത്തെ കോടതി ഉത്തരവ്. അന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എ. അജികുമാറിന് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചായിരുന്നു ജാമ്യം.
2025-ൽ ഹൈക്കോടതിയുടെ അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വർണം പൂശുന്നതിനായി പുറത്തേക്ക് കൊണ്ടുപോയ സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് പ്രത്യേക അന്വേഷണ സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസിലെ 17-ാം പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും 18-ാം പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം എ. അജികുമാറും മറ്റ് പ്രതികൾ നടത്തിയ കുറ്റകൃത്യം മറച്ചുവയ്ക്കാൻ സഹായകരമായ രീതിയിൽ ബോർഡ് ഉത്തരവ് ഇറക്കിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദം.
ഇതിലൂടെ ദ്വാരപാലക താങ്ങുപീഠ പാളികളിൽനിന്ന് വീണ്ടും സ്വർണം അപഹരിക്കാൻ ഒത്താശ ചെയ്തതായും, ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും 12-ാം പ്രതി പങ്കജ് ഭണ്ഡാരിക്കും അനർഹമായ ലാഭം ഉണ്ടാക്കിക്കൊടുത്തതായും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
