തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻ പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ സമീപകാല പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കടുത്ത വിമർശനവുമായി ടി.കെ. ഗോവിന്ദൻ എം.എൽ.എ. പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി നടത്തിയ പ്രസംഗങ്ങൾ പാർട്ടി രീതികൾക്ക് ചേർന്നതല്ലെന്നും തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് പാർട്ടി കേന്ദ്ര കമ്മിറ്റി കണ്ടെത്തിയ വിലയിരുത്തലുകൾക്ക് വിരുദ്ധമായാണ് അദ്ദേഹം സംസാരിച്ചതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി പരസ്യമായി സമ്മതിച്ചതാണെങ്കിലും, ഈ പോരായ്മ തന്റെ പ്രസംഗത്തിൽ സമ്മതിക്കാൻ പിണറായി തയ്യാറായില്ല. പാർട്ടി തെറ്റു തിരുത്താൻ പോകുന്നില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെയും രൂക്ഷമായ ആക്രമണമാണ് ടി.കെ. ഗോവിന്ദൻ നടത്തിയത്. “രാഗേഷ് ജനിക്കുന്നതിന് മുൻപ് പാർട്ടി നേതൃത്വത്തിൽ വന്നയാളാണ് ഞാൻ. എന്നെ വിമർശിക്കുന്നതിന് മുൻപ് രാഗേഷ് സ്വന്തം മുഖം കണ്ണാടിയിൽ നോക്കണം,” ഗോവിന്ദൻ തുറന്നടിച്ചു. കേവലം വയറിങ്, പ്ലംബിങ് തൊഴിലാളിയായി പാർട്ടിയിലേക്ക് വന്ന രാഗേഷിന്റെ അന്നത്തെ സ്വത്തും ഇന്നത്തെ സ്വത്തും തമ്മിലുള്ള വൈരുധ്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
