തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പൊലീസ് സ്റ്റേഷനുകളുടെ ചുമതല നൽകുന്നതിനായി പുറത്തിറക്കിയ വിവാദ പട്ടിക പിൻവലിച്ച് സർക്കാർ. സസ്‌പെൻഷൻ നടപടികൾ നേരിടുന്ന എം.ആർ. അജിത് കുമാറിനെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് ഉത്തരവ് വിവാദമായത്.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകളെ മാതൃകാ സ്റ്റേഷനുകളായി ഉയർത്തുന്നതിന്റെ ഭാഗമായാണ് ഡിജിപി മുതൽ എസ്.പി. വരെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ഓരോ സ്റ്റേഷന്റെ ചുമതല നൽകിക്കൊണ്ട് ഉത്തരവിറക്കിയത്.
ഈ ഉത്തരവിലാണ് സസ്‌പെൻഷൻ നടപടികൾ നേരിടുന്ന എം.ആർ. അജിത് കുമാറിന് വർക്കല പൊലീസ് സ്റ്റേഷന്റെ ചുമതല നൽകിയിരുന്നത്. മാസങ്ങൾക്കകം വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥരും ഡെപ്യൂട്ടേഷനിൽ പോയ ഉദ്യോഗസ്ഥരും പട്ടികയിൽ ഉൾപ്പെട്ടിരുന്നതും പാകപ്പിഴയായി ചൂണ്ടിക്കാട്ടപ്പെട്ടു.
പട്ടിക വലിയ വിവാദത്തിന് വഴിവെച്ചതോടെയാണ് സർക്കാർ അത് പിൻവലിക്കാൻ തീരുമാനിച്ചത്. എം.ആർ. അജിത് കുമാറിനെ പട്ടികയിൽ ഉൾപ്പെടുത്തിയതിൽ ആഭ്യന്തര മന്ത്രിക്കടക്കം വലിയ അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെയായിരുന്നു ഡിജിപി 59 ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തിറക്കിയത്.
ഓരോ ഉദ്യോഗസ്ഥർക്കും ഓരോ പൊലീസ് സ്റ്റേഷന്റെ ചുമതല നൽകുന്നതായിരുന്നു ഉത്തരവ്. വിവാദമായ ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലിൽ സസ്‌പെൻഷൻ നടപടികൾ നേരിടുന്നതിനിടെയാണ് എം.ആർ. അജിത് കുമാറിനെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയാൽ തുടർന്നും വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടയാകുമെന്ന വിലയിരുത്തലിലാണ് സർക്കാർ വിവാദ പട്ടിക പിൻവലിക്കാൻ നിർബന്ധിതമായത്.
