മുംബൈ: ചെക്ക് കേസിൽ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ. മുംബൈ ബോറിവെല്ലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രവാസി മലയാളിയായ പാലക്കാട് സ്വദേശിയുടെ പരാതിയടക്കം നാല് കേസുകളിലാണ് മാണി സി കാപ്പൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷ ഒരു വർഷമായതിനാൽ എംഎൽഎ സ്ഥാനത്തിന് നിലവിൽ ഭീഷണിയില്ലെന്നതാണ് ആശ്വാസം. 2015 മുതൽ തുടരുന്ന നിയമവ്യവഹാരത്തിനൊടുവിലാണ് വിധി.
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തെന്നായിരുന്നു മാണി സി കാപ്പനെതിരായ പരാതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലടക്കം കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഹൈക്കോടതിയിലെത്തിയതോടെ നടപടികൾ മുന്നോട്ടുപോയിരുന്നില്ല. തുടർന്ന് പരാതിക്കാരൻ ബോറിവെല്ലി കോടതിയെ സമീപിക്കുകയായിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് മാണി സി കാപ്പനെ കുറ്റക്കാരനെന്ന് കണ്ടെത്തി ഒരു വർഷം തടവ് ശിക്ഷ വിധിച്ചത്.
പരാതിക്കാരന് ഒരു കോടി ഇരുപത് ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. നാല് കേസുകളിലുമായി ആകെ 5.30 കോടി രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
ഇന്ന് മാണി സി കാപ്പൻ കോടതിയിൽ ഹാജരായിരുന്നില്ല. അതിനാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്കായി കുറ്റക്കാരന്റെ സ്റ്റേഷൻ പരിധിയിലേക്ക് വാറന്റ് അടക്കമുള്ള രേഖകൾ ഉടൻ കൈമാറണമെന്നും കോടതി നിർദേശിച്ചു.
ഓഹരി ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കാപ്പൻ 25 ലക്ഷം രൂപ മാത്രമാണ് നൽകിയതെന്നാണ് പരാതി. തുടർന്ന് 2013ൽ 3.25 കോടി രൂപയുടെ നാല് ചെക്കുകൾ നൽകി. ബാങ്കിൽ നിക്ഷേപിച്ച ചെക്കുകൾ പണമില്ലാത്തതിനാലും ഒപ്പിലെ വ്യത്യാസം കാരണവും മടങ്ങിയതോടെയാണ് ദിനേശ് മേനോൻ എന്ന വ്യവസായി മുംബൈ ബോറിവെല്ലി കോടതിയെ സമീപിച്ചത്. ചെക്കുകൾക്ക് ഈടായി കാപ്പൻ നൽകിയ കുമരകത്തെ ഭൂമി നേരത്തെ തന്നെ മറ്റ് ബാങ്കുകളിൽ പണയത്തിലായിരുന്നുവെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് എറണാകുളം കോടതിയിൽ ഐപിസി 420 പ്രകാരം നിലനിന്നിരുന്ന വഞ്ചനക്കേസിൽ പ്രത്യേക എംപി/എംഎൽഎ കോടതി നേരത്തെ കാപ്പനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള കേസുകളിലാണ് മുംബൈ കോടതി ഇപ്പോൾ തടവും പിഴയും വിധിച്ചിരിക്കുന്നത്.
ഭരണകക്ഷിയുടെ ഭാഗമായ എംഎൽഎയ്ക്കെതിരായ ശിക്ഷാ നടപടി സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കാനുള്ള സാധ്യതയുണ്ട്. മുൻ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാവിധിയിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ച പശ്ചാത്തലത്തിൽ, മാണി സി കാപ്പന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് സമരത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
