മലപ്പുറം: കാന്തപുരത്തിന്റെ വിവാദ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ കെ.ടി. ജലീൽ. കാന്തപുരം സംസാരിച്ചത് മതശാസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നാണ് കെ.ടി. ജലീൽ പ്രതികരിച്ചത്. കാന്തപുരം പറഞ്ഞ കാര്യങ്ങളിൽ പൊതുസമൂഹത്തിന് സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അത്തരം കാര്യങ്ങൾ പറയാനുള്ള മതപണ്ഡിതരുടെ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനാവില്ലെന്നും കെ.ടി. ജലീൽ പറഞ്ഞു. അതേസമയം, പുരോഗമനവാദികൾ അതിനെ എതിർക്കുന്നത് അവരുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അന്ന് ഇല്ലാതിരുന്ന തരത്തിലുള്ള കോലാഹലം ഇക്കാര്യത്തിൽ സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും പറഞ്ഞു.
ലീഗിന്റെയും ഹരിതയുടെയും നിലപാട് ഇസ്ലാമിക പൊതുവിശ്വാസത്തിന് വിരുദ്ധമായ സാഹചര്യത്തിലാണ് കാന്തപുരം മുസ്ലിങ്ങളെ ജാഗ്രതപ്പെടുത്തുന്നതിനായി പ്രസ്താവന നടത്തിയതെന്നും കെ.ടി. ജലീൽ സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കി.
നബിദിന റാലിയുടെ ഭാഗമായി വിവിധയിടങ്ങളിൽ സ്ത്രീസാന്നിധ്യം ഉണ്ടായതാണ് കാന്തപുരത്തെയും അദ്ദേഹത്തിന്റെ പുരോഹിത സംഘടനയെയും പ്രകോപിപ്പിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു. സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്നതടക്കമുള്ള വിവാദ പരാമർശങ്ങളാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നയിക്കുന്ന ജംഇയ്യത്തുൽ ഉലമയുടെ സർക്കുലറിൽ ഉണ്ടായിരുന്നത്.
സർക്കുലർ പൊതുസമൂഹത്തിൽ വലിയ വിവാദമായെങ്കിലും മുഖ്യധാര രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കാൻ മടിച്ചുനിന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
കാന്തപുരത്തെ തള്ളാതെ ലീഗ് നേതാക്കൾ
സ്ത്രീവിരുദ്ധ സർക്കുലർ വിഷയത്തിൽ കാന്തപുരത്തെ തള്ളാതെ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ രംഗത്തെത്തി. കോൺഗ്രസ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കാന്തപുരത്തിന്റെ പരാമർശത്തെ തള്ളിപ്പറഞ്ഞിരുന്നെങ്കിലും വിഷയത്തിൽ ലീഗ് തന്ത്രപരമായ നിലപാടാണ് സ്വീകരിക്കുന്നത്.
സ്ത്രീസുരക്ഷ മുൻനിർത്തിയുള്ള പ്രസ്താവനയാകാം കാന്തപുരം നടത്തിയതെന്നും വാർത്തകളുടെ കാലത്ത് സ്ത്രീകൾ വേട്ടയാടപ്പെടുന്ന സാഹചര്യമുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. സാമൂഹിക അവസ്ഥയായിരിക്കും കാന്തപുരം ഉദ്ദേശിച്ചതെന്നും ഇത് ഒരു മതപണ്ഡിതന്റെ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ള അഭിപ്രായത്തോട് ചേർന്നുനിൽക്കുക എന്നതാണ് ലീഗിന്റെ നിലപാടെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
