കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് നൽകി. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് റിപ്പോർട്ട് കൈമാറിയത്. രോഗിയോട് ഡോക്ടർ രേഖ കൃഷ്ണ ഇടപെട്ട രീതി ശരിയായില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡോക്ടർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാമെന്നും ഡിഎംഒ ശുപാർശ ചെയ്തിട്ടുണ്ട്.
ഡോക്ടറെ കാഷ്വാലിറ്റി സൗകര്യമില്ലാത്ത മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി നിയമിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസറായിരുന്നു ഡോ. രേഖ കൃഷ്ണ. കഴിഞ്ഞ ദിവസമാണ് പനിയും ശരീരവേദനയുമായി ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവം ഉണ്ടായത്. രാത്രിയിൽ ചികിത്സ തേടിയെത്തിയതിനെ ചോദ്യം ചെയ്യുകയും രോഗിയെ അവഹേളിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവം വിവാദമായതോടെ ഡോക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. പരാതിയെ തുടർന്ന് ഡോക്ടർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിക്കുകയും ഡോക്ടറിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് അന്വേഷണ റിപ്പോർട്ട് ഡിഎംഒ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറിയത്.
ഡോക്ടർക്കെതിരെ സമാനമായ പരാതികൾ നേരത്തെയും ഉയർന്നിരുന്നു. രണ്ട് പരാതികളിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇതിനിടെ ഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിട്ടുമുണ്ട്.
