Home Top Storiesപ്രതിപക്ഷ ഉപനേതൃപദവി തർക്കം: ‘പിണറായിയുമായി ചർച്ചയില്ല, ആദ്യം രേഖാമൂലം മറുപടി വേണം’; നിലപാട് കടുപ്പിച്ച് സിപിഐ

പ്രതിപക്ഷ ഉപനേതൃപദവി തർക്കം: ‘പിണറായിയുമായി ചർച്ചയില്ല, ആദ്യം രേഖാമൂലം മറുപടി വേണം’; നിലപാട് കടുപ്പിച്ച് സിപിഐ

by news_desk1
0 comments

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി എൽഡിഎഫിൽ തർക്കം മുറുകുന്നതിനിടെ, വിഷയത്തിൽ പിണറായി വിജയനുമായി ചർച്ചയ്ക്ക് ഇരിക്കില്ലെന്ന നിലപാട് വ്യക്തമാക്കി സിപിഐ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായോ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനുമായോ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം.

ഉപനേതൃപദവി ആവശ്യപ്പെട്ട് നൽകിയ കത്തിന് ആദ്യം രേഖാമൂലം മറുപടി നൽകണമെന്നും സിപിഐ ആവശ്യപ്പെടുന്നു. മറുപടി നൽകേണ്ടത് സിപിഐഎം സംസ്ഥാന സെക്രട്ടറിയോ എൽഡിഎഫ് കൺവീനറോ ആയിരിക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. രേഖാമൂലമുള്ള മറുപടി ലഭിച്ചശേഷം തുടർനടപടികൾ തീരുമാനിച്ചാൽ മതിയെന്ന ധാരണയാണ് നേതാക്കൾക്കിടയിലുള്ളത്.

സിപിഐഎമ്മിനെ ഒന്നാകെ ആക്രമിക്കാതെ പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ നീക്കമാണ് സിപിഐ നടത്തുന്നതെന്നാണ് വിലയിരുത്തൽ. ഉപനേതൃപദവി സംബന്ധിച്ച് തുടർചർച്ചകൾ ഉണ്ടാകുമെന്ന് സിപിഐഎം കേന്ദ്രങ്ങളിൽ നിന്ന് സിപിഐക്ക് വിവരം ലഭിച്ചതിന് പിന്നാലെയാണ്, ഈ ചർച്ചകളിൽ പിണറായി വിജയൻ പങ്കെടുക്കരുതെന്ന നിലപാട് സിപിഐ സ്വീകരിച്ചത്.

പ്രതിപക്ഷ ഉപനേതാവ് പദവി നൽകണമെന്നാവശ്യപ്പെട്ട് സിപിഐ നേരത്തെ സിപിഐഎം നേതൃത്വത്തിനും എൽഡിഎഫിനും കത്ത് നൽകിയിരുന്നു. ഈ കത്തിന് ആദ്യം മറുപടി ലഭിക്കണമെന്നും അതാണ് രാഷ്ട്രീയ മാന്യതയെന്നും സിപിഐ വ്യക്തമാക്കുന്നു.

അതേസമയം, പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിച്ചിടാനുള്ള നീക്കം സിപിഐഎം നടത്തുന്നുവെന്ന വിവരവും പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് സിപിഐഎം നേതൃത്വത്തിനിടയിൽ ചർച്ച നടക്കുകയും ധാരണയാകുകയും ചെയ്തതായാണ് വിവരം. എന്നാൽ, ഇക്കാര്യത്തിൽ സിപിഐയുമായി ചർച്ച നടത്തിയിട്ടില്ല.

അത്തരമൊരു തീരുമാനമുണ്ടെങ്കിൽ അത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റോ എൽഡിഎഫോ സിപിഐയെ രേഖാമൂലം അറിയിക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. ഇതിന് ശേഷം വിഷയത്തിൽ പാർട്ടിയുടെ തുടർനിലപാട് സ്വീകരിക്കുമെന്നാണ് സിപിഐ നേതൃത്വത്തിൽ ധാരണയായിരിക്കുന്നത്.

You may also like