മലപ്പുറം: വണ്ടൂരിൽ കറിയുണ്ടാക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വണ്ടൂർ കാപ്പിൽ പാറശ്ശേരി സ്വദേശിനി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുന്നുമ്മൽ റഷീദിനെ വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
കറിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് റഷീദ് ഭാര്യ ഫസീലയുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ റഷീദ് കത്തിയെടുത്ത് ഫസീലയെ കുത്തുകയായിരുന്നു. ശരീരത്തിൽ സാരമായി പരുക്കേറ്റ ഫസീലയെ ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റഷീദ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും സംഭവസമയത്തും ഇയാൾ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. കസ്റ്റഡിയിലുള്ള റഷീദിനെ പൊലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
