തൃശൂർ: സർക്കാരിനോട് ചോദ്യങ്ങളുമായി കുന്നംകുളം കസ്റ്റഡി മർദനത്തിന് ഇരയായ വി.എസ്. സുജിത്. സംഭവം നടന്ന് ഒരു വർഷമായിട്ടും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെന്ന് സുജിത് ഫേസ്ബുക്കിൽ പങ്കുവെച്ച തുറന്ന കത്തിൽ ചൂണ്ടിക്കാട്ടി.
അന്ന് പിന്തുണ പ്രഖ്യാപിച്ചവരാരും പിന്നീട് നടപടിയെടുക്കാൻ തയ്യാറായില്ലെന്നും, പിന്തുണ പ്രഖ്യാപിച്ചവരിൽ ഒരാൾ മുഖ്യമന്ത്രിയും മറ്റൊരാൾ ആഭ്യന്തര മന്ത്രിയുമാണെന്നും സുജിത് പറഞ്ഞു. ‘കൂടെയുണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ ഇന്ന് എവിടെ? വാഗ്ദാനങ്ങളല്ല വേണ്ടത്, നടപടിയാണ് വേണ്ടത്’ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
2023 ഏപ്രിൽ അഞ്ചിനാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽവെച്ച് പൊലീസുകാർ ക്രൂരമായി മർദിച്ചതായി പരാതി ഉയർന്നത്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിൽ ഏകദേശം പതിനഞ്ച് മിനിറ്റോളം അടിച്ചെന്നും, കുടിക്കാൻ വെള്ളം ചോദിച്ചിട്ടും നൽകിയില്ലെന്നും സുജിത് ആരോപിച്ചിരുന്നു.
വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവമുണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘നീ ആരാണ് ഇടപെടാൻ’ എന്ന് ചോദിച്ച പൊലീസ് തന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ജീപ്പിൽ കയറ്റുകയും പിന്നീട് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് സുജിത്തിന്റെ ആരോപണം.
മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്.ഐ.ആർ. തയ്യാറാക്കി തന്നെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ ശ്രമമെന്നും ആരോപണമുണ്ട്. എന്നാൽ, വൈദ്യപരിശോധനയിൽ സുജിത് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്ന് ചാവക്കാട് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
തുടർന്ന് കോടതിയുടെ നിർദേശപ്രകാരം നടത്തിയ വൈദ്യപരിശോധനയിൽ പൊലീസ് ആക്രമണത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചതായി വ്യക്തമായിരുന്നു. പിന്നാലെ സുജിത് പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എന്നാൽ, പരാതിയിൽ കേസെടുക്കാനോ നടപടി സ്വീകരിക്കാനോ പൊലീസ് തയ്യാറായില്ലെന്നാരോപിച്ച് അദ്ദേഹം കോടതിയെ സമീപിച്ചു.
തെളിവുകൾ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തുടർന്ന് ബന്ധപ്പെട്ട പൊലീസുകാർക്കെതിരെ നേരിട്ട് കേസെടുക്കുകയായിരുന്നു.
