കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർഥികൾ മർദിച്ചതായി പരാതി. ഹോണടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. സംഭവത്തിൽ രണ്ട് ജീവനക്കാർ ചികിത്സ തേടി.
കൊടിയത്തൂർ–മാവൂർ വഴി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന അസർ മുല്ല എന്ന സ്വകാര്യ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും ഇരുപതോളം വരുന്ന വിദ്യാർഥികൾ ചേർന്ന് മർദിച്ചെന്നാണ് പരാതി. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.
കുറ്റിക്കാട്ടൂരിൽനിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോകുന്ന ജംഗ്ഷനിലെത്തിയപ്പോൾ ഡ്രൈവർ ഹോൺ മുഴക്കിയെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ ആക്രമിച്ചതെന്ന് ബസുടമ പറഞ്ഞു. ബസ് ഡ്രൈവർ ഫസൽ, കണ്ടക്ടർ ആഷിക് എന്നിവരാണ് ചികിത്സ തേടിയത്.
ജീവനക്കാർ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. സംഘർഷത്തെ തുടർന്ന് കുറ്റിക്കാട്ടൂർ അങ്ങാടിയിൽ വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
