Home Top Storiesഎക്‌സൈസ് മാസപ്പടിക്കേസ്; എസ് അശോക് കുമാറിനെതിരെ നിയമനടപടിക്ക് ശുപാർശ

എക്‌സൈസ് മാസപ്പടിക്കേസ്; എസ് അശോക് കുമാറിനെതിരെ നിയമനടപടിക്ക് ശുപാർശ

by news_desk1
0 comments

തിരുവനന്തപുരം: കൈക്കൂലി കേസിൽ സസ്‌പെൻഷനിലായ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് അശോക് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കാൻ ശുപാർശ. എക്‌സൈസ് കമ്മീഷണർ വിജിലൻസ് ഡയറക്ടർക്ക് ഇതുസംബന്ധിച്ച് കത്ത് നൽകി. ഇടനിലക്കാരൻ കരിങ്കട ജോസിക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കുറ്റകൃത്യത്തിന് പ്രേരണ നൽകുന്നതിന്റെ പരിധിയിൽ വരുന്നതാണ് ജോസിയുടെ നടപടിയെന്നും അഴിമതി നിരോധന നിയമം 1988-ലെ 12-ാം വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണമെന്നും കത്തിൽ നിർദേശിക്കുന്നു.

ബാറുകളിൽ പരിശോധനയ്ക്കായി എക്‌സൈസ് കമ്മീഷണർ ജില്ലയിൽ എത്തിയപ്പോഴാണ് ഡെപ്യൂട്ടി കമ്മീഷണറുടെ അനധികൃത ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ബാറുകളിൽ നിന്ന് ഡെപ്യൂട്ടി കമ്മീഷണർ മാസപ്പടി പിരിക്കുന്നതായും കണ്ടെത്തിയിരുന്നു. ബാറുകളിൽ നിന്ന് പണം പിരിച്ച് നൽകാൻ ഒരു ബാർ മാനേജരെ ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.

മിന്നൽ പരിശോധനയ്ക്കിടെ ബാർ മാനേജരെ ചോദ്യം ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ ഫോണിലേക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ കോൾ എത്തുകയായിരുന്നു. കമ്മീഷണർ ജില്ലയിലുണ്ടെന്നും ശ്രദ്ധിക്കണമെന്നും ഫോൺ കോളിലൂടെ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഈ സംഭാഷണമടക്കം എക്‌സൈസ് കമ്മീഷണർ റെക്കോർഡ് ചെയ്തെടുത്തിരുന്നു. മാനേജരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഈ തെളിവുകളുമായി അശോക് കുമാറിന്റെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു.

എക്‌സൈസ് മാസപ്പടി വിവാദത്തിൽ അശോക് കുമാറിന് തിരിച്ചടിയായത് മൊബൈൽ ഫോണിലെ നിർണായക വിവരങ്ങളായിരുന്നു. ഫോൺ രേഖകൾ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാങ്കേതിക പരിശോധനയിൽ കുറ്റം സമ്മതിക്കേണ്ടി വന്നതായും റിപ്പോർട്ടുണ്ട്. പണത്തിനൊപ്പം ബാറുകളിൽ നിന്ന് മദ്യക്കുപ്പികൾ വാങ്ങി മടങ്ങുന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അന്വേഷണത്തിൽ അശോക് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് കണ്ടെത്തിയത്. കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും കൈക്കൂലി നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകുന്നതും പതിവായിരുന്നുവെന്ന പരാതിയുണ്ട്. മറ്റിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ സ്വന്തം റേഞ്ചിലേക്ക് എത്തിച്ച് കേസെടുക്കുകയും പിന്നീട് അവ ഒത്തുതീർപ്പാക്കാൻ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും കണ്ടെത്തിയിരുന്നു. കൈക്കൂലി നൽകിയില്ലെങ്കിൽ ബന്ധുക്കളെയും പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഉദ്യോഗസ്ഥനെതിരെ ഉയർന്നത്.

വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും സമാന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ചെറിയ അളവിൽ ലഹരി വസ്തുക്കൾ പിടികൂടിയാൽ കേസെടുക്കുകയും, വലിയ അളവിൽ ലഹരി വസ്തുക്കൾ പിടികൂടിയാൽ കേസ് എടുക്കാതെ വൻതുക കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം. കൈക്കൂലിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ പീഡിപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ഹരിപ്പാട് നിന്ന് കൈക്കൂലി വാങ്ങി രണ്ട് ഫയലുകൾ നീക്കം ചെയ്തതായും കണ്ടെത്തിയിരുന്നു.

You may also like