കൊച്ചി: നടി ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന നടി അന്‍സിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അന്‍സിബയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ അന്‍സിബ ചൂണ്ടിക്കാട്ടുന്നത്. ലക്ഷ്മിപ്രിയയുടെ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എറണാകുളം മജിസ്‌ട്രേറ്റ് കോടതി അന്‍സിബയുടെ ഹര്‍ജി നേരത്തെ തള്ളിയിരുന്നു. പരാതിയില്‍ കേസെടുക്കാന്‍ ആവശ്യമായ വകുപ്പുകളില്ലെന്നും എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നുമായിരുന്നു കീഴ്‌കോടതിയുടെ നിരീക്ഷണം. തുടര്‍ന്നാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്. പാലാരിവട്ടം പൊലീസും പരാതിയില്‍ കേസെടുക്കാന്‍ തയ്യാറായിരുന്നില്ലെന്നും നിരവധി തവണ പൊലീസിനെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും അന്‍സിബ ആരോപിച്ചിരുന്നു.
താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയായിരുന്നു അന്‍സിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഒരു യൂട്യൂബ് ചാനലിന് ലക്ഷ്മിപ്രിയ പരാതിക്ക് കാരണമായ അഭിമുഖം നല്‍കിയത്.
ലക്ഷ്മിപ്രിയ മുമ്പ് അന്‍സിബയ്ക്കെതിരെ തൃപ്പൂണിത്തുറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൂന്ന് മണിക്കൂര്‍ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണവും അന്‍സിബ ഉന്നയിച്ചിരുന്നു. അന്‍സിബ അയച്ച വാട്‌സ്ആപ്പ് സന്ദേശം തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നായിരുന്നു ലക്ഷ്മിപ്രിയയുടെ പ്രതികരണം.
