5
കൊച്ചി: മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട. രണ്ടുകിലോ എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്.
സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി നൗഫൽ (36) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പം മറ്റൊരാളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. എന്നാൽ, ഇയാളുടെ വിവരങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
നൗഫലിൽനിന്ന് ആദ്യം 15 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. തുടർന്ന് ഇയാളുടെ കാറിൽ നടത്തിയ പരിശോധനയിൽ രണ്ടുകിലോയോളം എംഡിഎംഎ കൂടി കണ്ടെത്തുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത നൗഫലിനെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
