മുംബൈ: പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരം രോഹിത് യാദവിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ബിസിസിഐ. ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ടീമിലുണ്ടായിരുന്ന ലെഗ് സ്പിന്നർ രോഹിതിനെതിരെ ബിസിസിഐ കടുത്ത നടപടിയെടുത്തത്. വിലക്കിനെക്കുറിച്ച് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെയും ബിസിസിഐ അറിയിച്ചിട്ടുണ്ട്.
ബിസിസിഐ നടത്തിയ പ്രായപരിശോധനയിലാണ് രോഹിതിന്റെ തിരിച്ചറിയൽ രേഖകളിൽ തിരിമറി നടന്നതായി കണ്ടെത്തിയത്. 2014-ൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തപ്പോൾ 2007 ജൂലൈ 7 ആയിരുന്നു ജനനത്തീയതിയായി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 2017-ൽ തിരിച്ചറിയൽ രേഖകൾ പുതുക്കിയപ്പോൾ ജനനവർഷം 2006 ആയും, 2021-ൽ വീണ്ടും മാറ്റം വരുത്തിയപ്പോൾ 2009 ആയും രേഖപ്പെടുത്തിയതായി കണ്ടെത്തി. ഈ വൈരുധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബിസിസിഐ നടപടി സ്വീകരിച്ചത്.
ഓസ്ട്രേലിയക്കെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീമിലെ അംഗമായിരുന്നു രോഹിത് യാദവ്. കഴിഞ്ഞ ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന യൂത്ത് ടെസ്റ്റ് പരമ്പരയിൽ മികവ് തെളിയിച്ച രോഹിത്, ഒരു മത്സരത്തിൽ മാത്രം കളിച്ച് രണ്ട് ഇന്നിങ്‌സുകളിലായി ആറ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
സെപ്റ്റംബർ 18 മുതൽ ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും രണ്ട് യൂത്ത് ടെസ്റ്റ് മത്സരങ്ങളുമാണുള്ളത്. ബിസിസിഐയുടെ വിലക്ക് പ്രാബല്യത്തിൽ വന്നതോടെ രോഹിതിന് പകരക്കാരനെ സെലക്ടർമാർ ഉടൻ പ്രഖ്യാപിക്കും.
