Home Sportsശ്രീലങ്കയ്‌ക്കെതിരെ മിന്നുന്ന ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്തി ഇന്ത്യ

ശ്രീലങ്കയ്‌ക്കെതിരെ മിന്നുന്ന ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്തി ഇന്ത്യ

by news_desk3
0 comments

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 165 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി ഭാരതം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് മുന്നിലെത്തിയതോടെ, ഈ സീസണിലെ പത്ത് മത്സരങ്ങളിൽ നിന്ന് അഞ്ചാം വിജയം കുറിച്ച് ഇന്ത്യ പോയിന്റ് ശതമാനം 53.33 ആയി ഉയർത്തി. എങ്കിലും പോയിന്റ് പട്ടികയിൽ ഇന്ത്യ ഇപ്പോഴും അഞ്ചാം സ്ഥാനത്ത് തന്നെയാണ്. കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ വിജയം നേടിയ ബംഗ്ലാദേശ് നാലാം സ്ഥാനത്ത് തുടരുമ്പോൾ, തോൽവിയോടെ പോയിന്റ് ശതമാനം 33.33 ആയി കുറഞ്ഞ ശ്രീലങ്ക ആറാം സ്ഥാനത്താണ്.

മത്സരത്തിന്റെ അവസാന ദിനം 372 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്കയെ 206 റൺസിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ മിന്നുന്ന ജയം സ്വന്തമാക്കിയത്. ഇടങ്കയ്യൻ സ്പിന്നർ മാനവ് സുതാറിന്റെ വിസ്മയ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്. രണ്ടാം ഇന്നിംഗ്സിൽ 55 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തിയ സുതാർ, മത്സരത്തിലാകെ 10 വിക്കറ്റുകൾ തികച്ചു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയുടെ 462 റൺസിന് മറുപടിയായി ശ്രീലങ്ക 284 റൺസിന് പുറത്തായിരുന്നു.

പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഫൈനലിലേക്ക് യോഗ്യത നേടുന്നത്. ആദ്യ രണ്ട് സീസണുകളിൽ ഫൈനലിലെത്തിയെങ്കിലും ഇന്ത്യക്ക് കിരീടം നേടാനായിരുന്നില്ല. കഴിഞ്ഞ സീസണിൽ ഫൈനൽ കാണാതെ പുറത്തായതും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിൽ വഴങ്ങിയ 0-2ന്റെ പരമ്പര തോൽവിയും തിരിച്ചടിയായെങ്കിലും, നിലവിലെ 2025-27 സൈക്കിളിൽ ഇന്ത്യക്ക് ഇനി എട്ട് ടെസ്റ്റുകൾ കൂടി അവശേഷിക്കുന്നുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് പുറമെ ന്യൂസിലൻഡിനെതിരെ രണ്ടും അടുത്ത വർഷം ഓസ്‌ട്രേലിയയ്‌ക്കെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇതിൽ കുറഞ്ഞത് ആറെണ്ണത്തിലെങ്കിലും വിജയിച്ചാലേ ഇന്ത്യക്ക് ഫൈനലിൽ എത്താനാകൂ.

You may also like