Home Sportsആശങ്ക വേണ്ട; റിഷഭ് പന്ത് രണ്ടാം ദിനം ബാറ്റിംഗിനിറങ്ങുമെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച്

ആശങ്ക വേണ്ട; റിഷഭ് പന്ത് രണ്ടാം ദിനം ബാറ്റിംഗിനിറങ്ങുമെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച്

by news_desk1
0 comments

കൊളംബോ: പരിക്കേറ്റ് റിട്ടയേർഡ് ഹർട്ട് ആയി മടങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് കൊളംബോ ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിംഗ് തുടരുമെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാംശു കൊട്ടക്. 58-ാം ഓവറിൽ ലാഹിരു കുമാരയുടെ ഷോർട്ട് ഡെലിവറി പുൾ ചെയ്യുന്നതിനിടെയാണ് പന്തിന്റെ ഇടത് കൈത്തണ്ടയ്ക്ക് പരിക്കേറ്റത്. പുൾ ചെയ്യാൻ ശ്രമിച്ച പന്തിൽ ഗ്ലൗവിൽ പന്ത് തട്ടുകയായിരുന്നു. തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച താരത്തെ ഫിസിയോ പരിശോധിച്ച് ഐസ് പാക്ക് വെച്ചതിന് പിന്നാലെ കളം വിടുകയായിരുന്നു.

ആദ്യ ദിനത്തെ കളിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് പന്ത് രണ്ടാം ദിനം ക്രീസിലെത്തുമെന്ന് കൊട്ടക് വ്യക്തമാക്കിയത്. പന്തിന്റെ തിരിച്ചുവരവ് ഇന്ത്യക്ക് വലിയ ആശ്വാസമാണ്. ലോവർ ഓർഡറിന് കൂടുതൽ കരുത്തേകുന്ന പന്ത് വീണ്ടും ബാറ്റിംഗിനിറങ്ങുന്നത് ഇന്ത്യക്ക് നിർണായക നേട്ടമാകും. ദ്രുവ് ജുറലും സരൻഷ് ജയിനും സ്കോർ ഉയർത്തിയ ശേഷം പന്ത് ക്രീസിലെത്തുന്നത് ഇന്ത്യക്ക് കൂടുതൽ ഗുണകരമാകും.

ഇന്ത്യ മികച്ച നിലയിൽ

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റൺസെന്ന ശക്തമായ നിലയിലാണ്. പരമ്പരയിലെ രണ്ടാം സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കലാണ് ആദ്യ ദിനത്തിലെ പ്രധാന താരം. 193 പന്തിൽ 117 റൺസാണ് പടിക്കൽ നേടിയത്.

തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം ശുഭ്മാൻ ഗില്ലിന്റെ അർധസെഞ്ച്വറിയുടെ കരുത്തിലും ഇന്ത്യ തിരിച്ചെത്തി. യശസ്വി ജയ്സ്വാളും കെ.എൽ. രാഹുലും വേഗത്തിൽ പുറത്തായെങ്കിലും പടിക്കലും ഗില്ലും ചേർന്ന് 120 റൺസിന്റെ കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ ഇന്നിങ്സ് കെട്ടിപ്പടുത്തു. അർധസെഞ്ച്വറി നേടിയതിന് പിന്നാലെ ഗിൽ പുറത്തായെങ്കിലും പടിക്കൽ ബാറ്റിംഗ് തുടർന്നു.

അവസാന സെഷനിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. പുതിയ പന്ത് എടുക്കുന്നതിന് തൊട്ടുമുമ്പ് പടിക്കൽ പുറത്തായി. ദിവസത്തെ അവസാന ഓവറിലാണ് രവീന്ദ്ര ജഡേജ 43 റൺസെടുത്ത ശേഷം പുറത്തായത്. രണ്ടാം ദിനം വേഗത്തിൽ റൺസ് നേടി മികച്ച ഒന്നാം ഇന്നിങ്സ് സ്കോർ പടുത്തുയർത്താനാകും ഇന്ത്യയുടെ ശ്രമം

You may also like