Home Keralaആദ്യ മയക്കുവെടിയിലും മയങ്ങിയില്ല ചക്കക്കൊമ്പൻ; രണ്ടാം വെടിയും ലക്ഷ്യം കണ്ടില്ല, ദൗത്യം താൽക്കാലികമായി ഉപേക്ഷിച്ചു

ആദ്യ മയക്കുവെടിയിലും മയങ്ങിയില്ല ചക്കക്കൊമ്പൻ; രണ്ടാം വെടിയും ലക്ഷ്യം കണ്ടില്ല, ദൗത്യം താൽക്കാലികമായി ഉപേക്ഷിച്ചു

by news_desk1
0 comments

ഇടുക്കി: ആദ്യ മയക്കുവെടി ഏറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പൻ. പിന്നാലെ നടത്തിയ രണ്ടാമത്തെ വെടിവയ്പ്പും ലക്ഷ്യം കണ്ടില്ല. കാലാവസ്ഥ പ്രതികൂലമായതും ആനയെ മയക്കുവെടിവയ്ക്കാൻ അനുകൂല സാഹചര്യമില്ലാത്തതും കണക്കിലെടുത്ത് ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. ആനയെ രാത്രി മുഴുവൻ നിരീക്ഷിച്ചശേഷം പുലർച്ചെ 4.30ഓടെ ദൗത്യം പുനരാരംഭിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

ഉച്ചയ്ക്ക് 3.38ന് ഓമനക്കുഴി ഭാഗത്തുവച്ചാണ് ചക്കക്കൊമ്പന് ആദ്യ മയക്കുവെടി വച്ചത്. വെടിയേറ്റതിനു പിന്നാലെ അൽപദൂരം ഓടിയ ആന പിന്നീട് നിൽക്കുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ ആന മയങ്ങുമെന്ന പ്രതീക്ഷയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം തുടർന്നു. എന്നാൽ ആന മയങ്ങാത്തതിനെത്തുടർന്ന് രണ്ടാമത്തെ ഡോസ് നൽകാൻ ശ്രമിച്ചെങ്കിലും വെടി ലക്ഷ്യത്തിലെത്തിയില്ല.

സുരക്ഷിതമല്ലാത്ത സ്ഥലമായിരുന്നതിനാൽ നേരത്തേ മയക്കുവെടി വയ്ക്കാൻ കഴിഞ്ഞിരുന്നില്ല. മയങ്ങിയാൽ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഇതിനായി കുങ്കിയാനകളെ സിമന്റ് പാലത്തെ ബേസ് ക്യാമ്പിൽനിന്ന് ഓമനക്കുഴിയിലേക്ക് എത്തിക്കുകയും ചെയ്തു.

ഇന്ന് രാവിലെ 80 ഏക്കർ കോളനിക്ക് സമീപമുള്ള പൊന്നുസ്വാമി എസ്റ്റേറ്റിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ചക്കക്കൊമ്പനെ ആദ്യം കണ്ടെത്തിയത്. മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സാഹചര്യമില്ലെന്ന വിലയിരുത്തലിനെത്തുടർന്ന് ദൗത്യം ഉച്ചവരെ നിർത്തിവച്ചിരുന്നു. പിന്നീട് സാഹചര്യം അനുകൂലമായതോടെയാണ് വെടിവയ്പ്പ് നടത്തിയത്.

ആനയെ രാത്രി മുഴുവൻ നിരീക്ഷിക്കുമെന്നും പുലർച്ചെ 4.30ഓടെ ദൗത്യം വീണ്ടും ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

You may also like