Home Keralaകോഴിക്കോട്ടെ ഭക്ഷണശാലകളിൽ ഇനി പരിശോധന കർശനമാകും; നിരന്തര പരിശോധനയ്ക്ക് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

കോഴിക്കോട്ടെ ഭക്ഷണശാലകളിൽ ഇനി പരിശോധന കർശനമാകും; നിരന്തര പരിശോധനയ്ക്ക് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

by news_desk1
0 comments

കോഴിക്കോട്: ബീച്ച് ഫുഡ് സ്ട്രീറ്റ് ഉൾപ്പെടെ നഗരത്തിലെ പ്രധാന ഭക്ഷ്യവിൽപന കേന്ദ്രങ്ങളിൽ ഇനി നിരന്തര പരിശോധന നടത്തണം. ഭക്ഷണം പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതും വിൽക്കുന്നതുമായ ഇടങ്ങളിൽ കർശന പരിശോധന ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കോർപറേഷൻ ആരോഗ്യവിഭാഗത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പിനുമാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിർദേശം.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ, പാചകത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ഉപകരണങ്ങളും പാത്രങ്ങളും, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന രീതി, ശുദ്ധജല ലഭ്യത, മാലിന്യസംസ്കരണം, ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടെ വ്യക്തിശുചിത്വം എന്നിവ പ്രത്യേകം പരിശോധിക്കണമെന്നും ഉത്തരവിൽ പറയുന്നു.

തുറസ്സായതും വൃത്തിഹീനവുമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതും വിൽക്കുന്നതും തടയണം. ഭക്ഷണം മലിനമാകാത്ത വിധത്തിൽ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ലൈസൻസ്, രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നിർബന്ധിത വ്യവസ്ഥകളും സ്ഥാപനങ്ങൾ പാലിക്കണം.

ഭക്ഷ്യസുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമപ്രകാരമുള്ള പരിശോധനയും തുടർനടപടികളും സ്വീകരിക്കണമെന്നും കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ സെക്രട്ടറിക്കും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കും കമ്മിഷൻ നിർദേശം നൽകി.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കോർപറേഷൻ സെക്രട്ടറിയും കോഴിക്കോട് നോർത്ത്, സൗത്ത് ഭക്ഷ്യസുരക്ഷാ ഓഫീസർമാരും കമ്മിഷനിൽ സമർപ്പിക്കണം. ഡിസംബർ 18ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് വീണ്ടും പരിഗണിക്കും.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

You may also like