Home Nationalവിവാദ ദീപത്തൂണിൽ കാർത്തിക ദീപം തെളിച്ചില്ല; സുപ്രീംകോടതിയിൽ ക്ഷമാപണം നടത്തി തമിഴ്നാട് സർക്കാർ

വിവാദ ദീപത്തൂണിൽ കാർത്തിക ദീപം തെളിച്ചില്ല; സുപ്രീംകോടതിയിൽ ക്ഷമാപണം നടത്തി തമിഴ്നാട് സർക്കാർ

by news_desk1
0 comments

ചെന്നൈ: സുപ്രീംകോടതിയുടെ അനുമതിയുണ്ടായിട്ടും മധുരയിലെ തിരുപ്പരങ്കുണ്ട്രം മലയിൽ വിവാദ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാനായില്ല. ക്ഷേത്ര ഭരണസമിതി അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് ചടങ്ങ് മുടങ്ങിയതെന്നാണ് തമിഴ്നാട് സർക്കാരിന്റെ വിശദീകരണം. സംഭവത്തിൽ സർക്കാർ സുപ്രീംകോടതിയിൽ ക്ഷമാപണവും രേഖപ്പെടുത്തി.

നവംബർ 24ന് ദീപത്തൂണിൽ ദീപം തെളിയിക്കാൻ സുപ്രീംകോടതി നൽകിയ പ്രത്യേക അനുമതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച അനുസരണ റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. പതിവുപോലെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിൽ മാത്രമാണ് ചൊവ്വാഴ്ച ദീപം തെളിയിച്ചത്.

ചടങ്ങിന്റെ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയ മധുര ജില്ലാ കളക്ടർ കൃഷ്ണയാണ് ഉത്തരവ് നടപ്പാക്കാൻ കഴിയാത്തതിൽ കോടതിയോട് ക്ഷമാപണം നടത്തിയത്. എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ആചാരങ്ങളും പാരമ്പര്യങ്ങളും ലംഘിക്കപ്പെടുമെന്ന കാരണം ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണസമിതി അനുമതി നൽകിയില്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

അതേസമയം, സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ഹർജിക്കാരനായ രാമ രവികുമാറിന്റെ ആരോപണം. ദീപം തെളിയിക്കുന്നതിന് ഒരു ദിവസം മുമ്പ് ഉത്തരവ് നടപ്പാക്കുമെന്ന് ഉറപ്പുനൽകിയ സർക്കാർ പിന്നീട് ക്ഷേത്ര ട്രസ്റ്റിനെ ഉപയോഗിച്ച് ചടങ്ങ് തടയുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇതിനായി ഔദ്യോഗിക ഹർജി സമർപ്പിക്കാൻ ഹർജിക്കാരനോട് നിർദേശിച്ചു. ആവശ്യമെങ്കിൽ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. ഉടൻ ഹർജി സമർപ്പിക്കുമെന്ന് മുതിർന്ന അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ കോടതിയെ അറിയിച്ചു.

നവംബർ 20നാണ് ക്ഷേത്ര ഭരണസമിതി നിയോഗിക്കുന്ന ചെറിയ സംഘത്തിന് നവംബർ 24ന് ദീപത്തൂണിൽ ദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചടങ്ങുകൾ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ നടത്തണമെന്നും മൂന്ന് ദിവസത്തിനകം അനുസരണ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.

എന്നാൽ, ദീപം തെളിയിക്കുന്നത് പതിവായി ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമാണെന്നും നിലവിലുള്ള ആചാരങ്ങൾ തുടരാനാണ് ട്രസ്റ്റികൾ ഏകകണ്ഠമായി തീരുമാനിച്ചതെന്നും ക്ഷേത്ര ഭരണസമിതി കോടതിയെ അറിയിച്ചു. ദീപത്തൂൺ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച സർവേ കല്ലാണെന്നും സമിതി വാദിച്ചു.

ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ തർക്കം നിലനിൽക്കുന്നുണ്ട്. ഇവിടെ ദീപം തെളിയിക്കുന്നത് പതിവായിരുന്നില്ലെന്ന സർക്കാർ നിലപാടിനെ ഹിന്ദു സംഘടനകൾ ചോദ്യം ചെയ്തിരുന്നു. എല്ലാ വർഷവും ദീപത്തൂണിൽ ദീപം തെളിയിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതിയുടെ വിപുലമായ ഉത്തരവ് സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.

അതിനിടെ, തിരുപ്പരങ്കുണ്ട്രം മലയിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത സുരക്ഷ തുടരുകയാണ്. ഭക്തർക്കും പൊതുജനങ്ങൾക്കും മലകയറാൻ അനുമതി നൽകിയിട്ടില്ല. നവംബർ 23 വൈകിട്ട് ആറുമുതലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പഴനി ആണ്ടവർ ക്ഷേത്ര പ്രവേശന കവാടത്തിന് സമീപമുള്ള വഴിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

You may also like