Home Keralaമാസപ്പടി കേസിലെ ഇഡി റെയ്ഡ്; ലക്ഷ്യം പിണറായി വിജയനും മുഹമ്മദ് റിയാസുമെന്ന് എംവി ഗോവിന്ദൻ

മാസപ്പടി കേസിലെ ഇഡി റെയ്ഡ്; ലക്ഷ്യം പിണറായി വിജയനും മുഹമ്മദ് റിയാസുമെന്ന് എംവി ഗോവിന്ദൻ

by news_desk1
0 comments

കോഴിക്കോട്: തിരഞ്ഞെടുപ്പിന് ശേഷം അടിയന്തരാവസ്ഥയെ വെല്ലുന്ന തരത്തിലുള്ള പീഡനമാണ് നടക്കുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയുമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി ഇഡി മാറിയെന്നും ഇഡി എടുത്ത കേസുകളിൽ 95 ശതമാനവും പ്രതിപക്ഷത്തിനെതിരെയാണെന്നും അദ്ദേഹം ആരോപിച്ചു. സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിന്റെ പശ്ചാത്തലത്തിൽ സിപിഎം സംഘടിപ്പിച്ച വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലേക്കർ ഇന്ത്യ കടലാസ് കമ്പനിയാണെന്ന പ്രചാരണം നടക്കുന്നുണ്ടെന്നും എന്നാൽ എല്ലാ നിയമവശങ്ങളും പാലിച്ചാണ് ലേക്കർ ഇന്ത്യ പ്രവർത്തിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മിനെതിരെ എന്തെങ്കിലും കണ്ടെത്താനാകുമോ എന്നാണ് മാധ്യമങ്ങൾ നോക്കുന്നത്. മാധ്യമങ്ങളുടെ തണലിലല്ല സിപിഎം വളർന്നത്. മാധ്യമങ്ങൾ മൂലധന ശക്തികൾക്ക് കീഴടങ്ങിയെന്നും ഇഡിക്കും മാധ്യമങ്ങൾക്കും സിപിഎമ്മിനെ ഭയപ്പെടുത്തി നിർത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇഡിക്ക് പിഎംഎൽഎ വകുപ്പ് കൂടി കൈകാര്യം ചെയ്യാനുള്ള അധികാരം നൽകിയത് ചിദംബരമാണെന്നും അതോടെയാണ് ഇഡി ഇന്നത്തെ നിലയിലേക്ക് മാറിയതെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. പിന്നീട് ചിദംബരത്തെ തന്നെ ഇഡി അറസ്റ്റ് ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ആവശ്യങ്ങൾക്കായാണ് ഇഡിക്ക് ഈ അധികാരം നൽകിയതെന്നും പിന്നീട് ചിദംബരത്തിന് തന്നെ നിലപാട് തിരുത്തേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

ഇഡി ആദ്യം രാഷ്ട്രീയ ലക്ഷ്യം തീരുമാനിച്ചശേഷമാണ് അന്വേഷണം നടത്തുന്നതെന്നും ബിജെപി നേതാക്കൾക്കെതിരെ കേസുകൾ ഉണ്ടാകുന്നില്ലെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. ഇഡി എടുത്ത കേസുകളിൽ 95 ശതമാനവും പ്രതിപക്ഷത്തിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കൾ കള്ളപ്പണമില്ലാത്തവരാണോ എന്നും എംവി ഗോവിന്ദൻ ചോദിച്ചു. പിസി ജോർജ് തുറന്നുപറഞ്ഞ കാര്യങ്ങളിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു. നാലരക്കോടി രൂപ കള്ളപ്പണമല്ലേയെന്നും കേരളത്തിൽ ബിജെപി ചെലവഴിച്ചത് കള്ളപ്പണമല്ലേയെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ഓഫീസിലേക്ക് ചാക്കിൽ കെട്ടി പണം കൊണ്ടുവന്നതായി തിരൂർ സതീശൻ പറഞ്ഞിട്ടും ഇഡി കേസെടുത്തോയെന്നും എംവി ഗോവിന്ദൻ ചോദിച്ചു.

അതേ ഓഫീസിൽ ഇത്തവണ 25 കോടി രൂപയുടെ ഇടപാട് നടന്നുവെന്നും തിരൂർ സതീശനെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടിയ കൊടകര കേസിൽ കോടതി നിർദേശിച്ചിട്ടുപോലും ഇഡി അന്വേഷണം നടത്തിയില്ലെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.

12 വർഷത്തിനിടെ 5900 കേസുകളാണ് ഇഡി എടുത്തതെന്നും 7450 റെയ്ഡുകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുറ്റപത്രം നൽകിയത് ഒമ്പത് ശതമാനത്തിൽ താഴെ മാത്രമാണെന്നും 25 കേസുകളിൽ മാത്രമാണ് ശിക്ഷ ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ശിക്ഷാ നിരക്ക് 0.25 ശതമാനം മാത്രമാണെന്നും പ്രതിപക്ഷത്തുള്ളവരെ കേസിൽ കുടുക്കുകയും ബിജെപിയിൽ ചേർന്നാൽ കേസുകൾ ഒഴിവാക്കുകയുമാണ് ഇഡിയുടെ രീതിയെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. അസം, ബംഗാൾ മുഖ്യമന്ത്രിമാർ ഇത്തരത്തിൽ കേസുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

You may also like