തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച പിണറായി വിജയന്റെ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി സിപിഐ. പദവിക്കായി ഏതറ്റം വരെയും പോകാനും, ആവശ്യമെങ്കിൽ എൽഡിഎഫ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനും സിപിഐ നേതൃതലത്തിൽ ആലോചനയുണ്ട്. പാർട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയിൽ തുടരേണ്ടതില്ലെന്നാണ് നേതൃതലത്തിലെ പൊതുവികാരം.
പിണറായി വിജയന്റെ ശൈലി അംഗീകരിക്കാനാകില്ലെന്ന കടുത്ത നിലപാടിലാണ് സിപിഐയിലെ ഒരുവിഭാഗം. പിണറായി ശൈലിയുടെ ഇര സിപിഐഎം മാത്രമല്ല, സിപിഐ കൂടിയാണെന്നാണ് ഇവരുടെ അഭിപ്രായം. വലിയ പരാജയം നേരിട്ടിട്ടും പിണറായി വിജയന്റെ ശൈലിയിൽ മാറ്റമില്ലെന്നതിന് ഉദാഹരണമാണ് പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രതികരണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് നേതൃയോഗം ചേർന്ന് നിർണായക തീരുമാനമെടുക്കാനാണ് സിപിഐയിലെ ധാരണ. നേരത്തെ നിശ്ചയിച്ച പ്രകാരം അടുത്ത മാസം 10നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ചേരേണ്ടത്. ഓണവും ഡൽഹി സമരവും കണക്കിലെടുത്താണ് തീയതി നിശ്ചയിച്ചത്. എന്നാൽ നിലവിലെ സാഹചര്യം പരിഗണിച്ച് യോഗം 10ന് മുമ്പ് തന്നെ ചേരുന്നതും പരിഗണനയിലുണ്ട്.
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന പിണറായി വിജയന്റെ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്നും പിണറായി അങ്ങനെ പറയുമെന്ന് വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പദവി സിപിഐഎമ്മിനാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. തർക്ക വിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പിണറായി വിജയന്റെ പ്രതികരണം. പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കുമെന്നും താനാണ് കത്ത് നൽകേണ്ടതെന്നും കത്തിൽ സിപിഐഎം നേതാവിന്റെ പേരായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉപനേതാവ് പദവി അടഞ്ഞ അധ്യായമാണെന്നും പിണറായി നേരത്തെ വ്യക്തമാക്കിയിരുന്നു. കേട്ടുകേൾവി പോലുമില്ലാത്ത വിഷയത്തിൽ ചർച്ച വേണമെന്ന് പറയുന്നതിൽ എന്താണ് പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചിരുന്നു. അന്നും പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ സിപിഐ നേതാക്കൾ രംഗത്തെത്തിയിരുന്നു.
