പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരുടെ പട്ടികയിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് ഐപിഎസും ഇടം നേടി. ഫെയിം ഇന്ത്യ–ഏഷ്യ പോസ്റ്റ് സംഘടിപ്പിച്ച ബൃഹത് പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവികളെ തെരഞ്ഞെടുത്തത്.
നേതൃത്വപാടവം, ഫലപ്രദമായ ക്രമസമാധാന പരിപാലനം, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, പൗരകേന്ദ്രീകൃത പൊലീസ് സേവനം, പൊതുജനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കൽ, അധികാരപരിധിയിൽ പൊതുജനവിശ്വാസം ശക്തിപ്പെടുത്തൽ തുടങ്ങിയ മേഖലകളിലെ മികവാണ് ഉദ്യോഗസ്ഥരെ പരിഗണിക്കുന്നതിനായി വിലയിരുത്തിയത്. ഫെയിം ഇന്ത്യ–ഏഷ്യ പോസ്റ്റ് ഈയാഴ്ചയാണ് മികച്ച 100 പൊലീസ് മേധാവികളുടെ പട്ടിക പുറത്തിറക്കിയത്.
കേരളത്തിൽ നിന്ന് മൂന്ന് ജില്ലാ പൊലീസ് മേധാവികളാണ് പട്ടികയിൽ ഇടം നേടിയത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് ഐപിഎസിന് പുറമെ കോട്ടയം ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഐപിഎസും കാസർഗോഡ് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഢി ഐപിഎസും പട്ടികയിൽ ഇടം നേടി.
2016 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ആർ. ആനന്ദ് പൊലീസ് സംവിധാനങ്ങളിൽ പുരോഗമനപരമായ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും നേതൃത്വം നൽകുന്ന ജില്ലാ പൊലീസ് മേധാവിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലും ജില്ലാ പൊലീസ് ഓഫീസിലും വിവിധ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കി. ഓഫീസ് പരിസ്ഥിതി സൗഹൃദമായി നിലനിർത്തുന്നതിനും പൊതുജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമായ രീതിയിൽ ഓഫീസ് സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിനും നടത്തിയ പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് മാസത്തിൽ നാല് ഐഎസ്ഒ അംഗീകാരങ്ങളും ലഭിച്ചിരുന്നു.
