Home Top Storiesആർഎസ്എസിന്റെ പാദസേവകരായി സർക്കാർ മാറുന്നു; വഖഫിൽ ആർക്ക് വേണ്ടിയാണ് നിലപാട് മാറ്റിയതെന്ന് പിണറായി

ആർഎസ്എസിന്റെ പാദസേവകരായി സർക്കാർ മാറുന്നു; വഖഫിൽ ആർക്ക് വേണ്ടിയാണ് നിലപാട് മാറ്റിയതെന്ന് പിണറായി

by news_desk1
0 comments

മലപ്പുറം: ആർഎസ്എസിന്റെ വിനീത പാദസേവകരായി സർക്കാർ മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് വിഷയത്തിൽ ആർഎസ്എസിന്റെ ന്യായം കേരളത്തിലെ സർക്കാരിന് പരസ്യമായി ഉന്നയിക്കാൻ കഴിയുന്നതെങ്ങനെയെന്നും ആർക്ക് വേണ്ടിയാണ് നിലപാട് മാറ്റിയതെന്നും പിണറായി വിജയൻ ചോദിച്ചു. ‘വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും’ എന്ന പ്രമേയത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എസ്‌കെ ഫണ്ട് തടഞ്ഞുവെച്ച സാഹചര്യത്തിലാണ് പിഎംശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നും പിണറായി വിജയൻ പറഞ്ഞു. ധാരണാപത്രത്തിൽ ഒപ്പുവെച്ചാൽ ഫണ്ട് ലഭിക്കുമെന്ന സാഹചര്യമുണ്ടായതോടെയാണ് അതിലേക്ക് പോകേണ്ടിവന്നത്. ഇക്കാര്യം എൽഡിഎഫ് ചർച്ച ചെയ്തിരുന്നു. പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ സർക്കാർ സ്വീകരിച്ച നിലപാടെന്നും അദ്ദേഹം ആവർത്തിച്ചു.

പിഎംശ്രീ അറബിക്കടലിൽ എറിയുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് പലരും വീരവാദം മുഴക്കിയിരുന്നു. അധികാരത്തിലെത്തിയപ്പോൾ പറയുന്നത് ശുദ്ധനുണയാണ്. പദ്ധതിയിൽ ഒപ്പിട്ടതിനാൽ ഇനി പിന്മാറാൻ കഴിയില്ലെന്നാണ് പറയുന്നത്. എന്നാൽ പിന്മാറാമെന്ന് കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പിന്മാറാനുള്ള നിലപാട് സ്വീകരിക്കാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞില്ലെന്നും പിണറായി വിജയൻ വിമർശിച്ചു.

രാജ്യത്ത് സ്വാതന്ത്ര്യസമരം ശക്തമായ കാലത്താണ് ആർഎസ്എസ് രൂപീകരിക്കപ്പെട്ടതെങ്കിലും സംഘടന അതിന്റെ ഭാഗമായില്ലെന്നും പിണറായി വിജയൻ പറഞ്ഞു. സമരം ചെയ്ത് യൗവ്വനം കളയരുതെന്നാണ് ആർഎസ്എസ് തലവൻ പറഞ്ഞത്. ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യരുതെന്നായിരുന്നു ആർഎസ്എസിന്റെ നിലപാട്. സവർക്കർ ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്യാമെന്ന് എഴുതി നൽകുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തില്ലെന്ന് മാത്രമല്ല, സമരത്തെ വഞ്ചിച്ചവരാണ് ആർഎസ്എസെന്നും അദ്ദേഹം ആരോപിച്ചു.

വഖഫ് ഭേദഗതി നിയമത്തിൽ യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാടാണ് സെമിനാർ ചർച്ച ചെയ്യുന്നത്. ജസ്റ്റിസ് വി.കെ. മോഹനൻ മുഖ്യപ്രഭാഷണം നടത്തും. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, മുൻ മന്ത്രിമാരായ വി. അബ്ദുറഹിമാൻ, കെ.ടി. ജലീൽ എന്നിവരും പരിപാടിയിൽ സംസാരിക്കും. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺ ഹാളിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

You may also like