തിരുവനന്തപുരം: വലിയ രാഷ്ട്രീയ-മാധ്യമ വിവാദങ്ങൾക്ക് വഴിതുറന്ന ‘കള്ളൻ വിജയൻ’ ലേഖന വിവാദത്തിന് പിന്നാലെ പാർട്ടി പത്രമായ ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു. 2027 ഫെബ്രുവരി വരെ സർവീസ് കാലാവധി ശേഷിക്കെയാണ് അജയന്റെ അപ്രതീക്ഷിത രാജി. ഒന്നുകിൽ രാജിവെക്കുക, അല്ലെങ്കിൽ അനിശ്ചിതകാല അവധിയിൽ പ്രവേശിക്കുക എന്ന് ദേശാഭിമാനി മാനേജ്മെന്റ് നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് നടപടി.
പത്രത്തിന്റെ ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് ഇത് സംബന്ധിച്ച് വാക്കാൽ നിർദ്ദേശം നൽകിയത്. വിവാദം കൊടുമ്പിരിക്കൊണ്ടതോടെ അജയനെ നേരത്തെ വാരാന്തപ്പതിപ്പ് എഡിറ്റർ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. ചീഫ് ന്യൂസ് എഡിറ്റർ ടി. ചന്ദ്രമോഹനനാണ് വാരാന്തപ്പതിപ്പിന്റെ പകരം ചുമതല നൽകിയിരുന്നത്.
പുല്ലംപാറയിലെ നാടക പ്രവർത്തകനായ ‘കള്ളൻ വിജയനെ’ കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ടിനെ ചൊല്ലി ദേശാഭിമാനി എഡിറ്റോറിയൽ ബോർഡിൽ രൂക്ഷമായ തർക്കങ്ങളാണ് ഉടലെടുത്തത്. ലേഖനത്തിന്റെ തലക്കെട്ട് മാറ്റണമെന്ന മാനേജ്മെന്റ് നിർദ്ദേശം അംഗീകരിക്കാൻ അജയൻ തയ്യാറായിരുന്നില്ല. വ്യക്തിയെക്കുറിച്ചുള്ള ലേഖനത്തിന് ‘കള്ളൻ വിജയൻ’ എന്നത് തന്നെയാണ് അനുയോജ്യമായ തലക്കെട്ട് എന്ന നിലപാടിൽ അജയൻ ഉറച്ചുനിന്നു.
തർക്കത്തെ തുടർന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണം ഉൾപ്പെടുത്തിയ വാരാന്തപ്പതിപ്പിന്റെ പ്രസിദ്ധീകരണം പോലും മുടങ്ങുന്ന അവസ്ഥയുണ്ടായി. വിഷയം മാധ്യമങ്ങളിൽ വലിയ ചർച്ചയായതും പാർട്ടിക്കും പത്രത്തിനും കടുത്ത തിരിച്ചടിയായതോടെയാണ് അസോസിയേറ്റ് എഡിറ്റർക്കെതിരെ മാനേജ്മെന്റ് കടുത്ത നടപടിയിലേക്ക് കടന്നത്.
