തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അർജന്റീന ടീമിനെയും ലിയോണൽ മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ കോടികളുടെ തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി തേടി ഡി.ജി.പി. എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ നിർണായക നടപടി.
കേസിൽ നിലവിൽ ആന്റോ അഗസ്റ്റിനും മുൻനിര ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമാണ് പ്രതിപ്പട്ടികയിലുള്ളത്. എന്നാൽ കേവലം സാമ്പത്തിക വഞ്ചനയും ഗൂഢാലോചനയും മാത്രമല്ല, മന്ത്രിതലത്തിൽ തന്നെ വലിയ രീതിയിലുള്ള അധികാര ദുർവിനിയോഗവും അഴിമതിയും നടന്നിട്ടുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ടെൻഡറില്ലാതെ സ്പോൺസറെ തിരഞ്ഞെടുത്തത് മുതൽ നടക്കാൻ സാധ്യതയില്ലാത്ത മത്സരത്തിന്റെ പേരിൽ നടത്തിയ വിദേശയാത്രകൾ വരെ അന്വേഷണ പരിധിയിലുണ്ട്. സെക്രട്ടറിയേറ്റ് ചട്ടങ്ങൾ പൂർണ്ണമായി കാറ്റിൽപ്പറത്തിയാണ് മുൻ മന്ത്രിയുടെ ഓഫീസും പേഴ്സണൽ സ്റ്റാഫും സ്പോൺസർക്കായി വഴിവിട്ട സഹായങ്ങൾ നൽകിയത്.
പ്രത്യേക യോഗം വിളിച്ച് ചേർത്ത ഡി.ജി.പി വിജിലൻസ് അന്വേഷണത്തിന് പകരം അഴിമതിനിരോധന വകുപ്പുകൾ കൂടി ഉൾപ്പെടുത്തി എസ്.ഐ.ടി തന്നെ തുടരന്വേഷണം നടത്തുന്നതാണ് അഭികാമ്യമെന്ന് വിലയിരുത്തി. സർക്കാരിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ വിജിലൻസ് കോടതിയിൽ പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്ത് റിപ്പോർട്ട് സമർപ്പിക്കും. ഇതിന് പിന്നാലെ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെയും ഓഫീസിലെ പ്രധാനികളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി എസ്.ഐ.ടി റിപ്പോർട്ട് നൽകും.
