Home Top Storiesപരാതിക്കെട്ടുമായി അടൂർ പ്രകാശ് ദൽഹിയിൽ; മല്ലികാർജുൻ ഖാർഗെയെ കണ്ടു, രാഹുൽ ഗാന്ധിയെയും കാണും, വി.ഡി. സതീശനെതിരെ നിലപാട് കടുപ്പിച്ച് യു.ഡി.എഫ് കൺവീനർ

പരാതിക്കെട്ടുമായി അടൂർ പ്രകാശ് ദൽഹിയിൽ; മല്ലികാർജുൻ ഖാർഗെയെ കണ്ടു, രാഹുൽ ഗാന്ധിയെയും കാണും, വി.ഡി. സതീശനെതിരെ നിലപാട് കടുപ്പിച്ച് യു.ഡി.എഫ് കൺവീനർ

by news_desk
0 comments

ന്യൂഡൽഹി: കോൺഗ്രസിലെ പടലപ്പിണക്കങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടി മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരാതികളുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ദൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടു. മുഖ്യമന്ത്രിക്കെതിരെയുള്ള രേഖാമൂലമുള്ള പരാതി ഖാർഗെയ്ക്ക് കൈമാറിയ അടൂർ പ്രകാശ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും ഉടൻ കൂടിക്കാഴ്ച നടത്തും. സതീശനെതിരായ നിലപാടിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം.

പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനമില്ലായ്മയും മുന്നണിയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നതുമാണ് പരാതിയിലെ പ്രധാന ഉള്ളടക്കം. മുൻനിര ഘടകകക്ഷി നേതാക്കളായ എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായും ജി. ദേവരാജനെ ദൽഹിയിലെ പ്രത്യേക പ്രതിനിധിയായും നിയമിച്ചതുൾപ്പെടെയുള്ള നിർണായക കാര്യങ്ങൾ മുന്നണി കൺവീനറായ താൻ “മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്” എന്ന് അടൂർ പ്രകാശ് തുറന്നടിച്ചിരുന്നു. ജൂലൈ മാസത്തിന് ശേഷം യു.ഡി.എഫ് ഏകോപന സമിതി യോഗങ്ങൾ വിളിച്ചുചേർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുത്തില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ് പ്രതികരിച്ചു. പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അച്ചടക്കം പാലിക്കണമെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു. ഹൈക്കമാൻഡ് ചോദിച്ചാൽ യാഥാർത്ഥ്യം ബോധ്യപ്പെടുത്തുമെന്നും വിഷയം എ.ഐ.സി.സിക്ക് മുന്നിലുള്ളതിനാൽ അടൂർ പ്രകാശുമായി താൻ ചർച്ച നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like