കൊച്ചി: സിനിമാ സെറ്റിൽ സംഭവിച്ച ഒരു ചെറിയ കയ്യബദ്ധത്തെ തുടർന്നാണ് തന്റെ ശബ്ദത്തിൽ മാറ്റമുണ്ടായതെന്നും, സംഭവത്തിൽ തനിക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ലെന്നും നടി കലാരഞ്ജിനി. മലയാളത്തിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റായ കെ.വി. ഭാസ്‌കറിന്റെ ഭാഗത്തുനിന്നുണ്ടായ കയ്യബദ്ധമാണ് ശബ്ദം നഷ്ടപ്പെടാൻ കാരണമായതെന്നും, അദ്ദേഹം അത് മനഃപൂർവം ചെയ്തതല്ലെന്നും കലാരഞ്ജിനി പറഞ്ഞു. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
കോമഡി കലർന്ന കഥാപാത്രങ്ങളിലൂടെ ഇന്നത്തെ തലമുറയ്ക്ക് പരിചിതയായ കലാരഞ്ജിനി നാല് പതിറ്റാണ്ടിലേറെ മുമ്പ് ബാലതാരമായാണ് സിനിമയിലെത്തിയത്. നടിമാരായ ഉർവശിയുടെയും കൽപനയുടെയും നേർസഹോദരിയായ കലാരഞ്ജിനി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയ മികവിനൊപ്പം വ്യത്യസ്തമായ ശബ്ദവും താരത്തെ ശ്രദ്ധേയയാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ കേൾക്കുന്ന ശബ്ദം തന്റേതായിരുന്നില്ലെന്നും, സിനിമാ സെറ്റിലുണ്ടായ അപകടത്തെ തുടർന്നാണ് ശബ്ദത്തിൽ മാറ്റമുണ്ടായതെന്നും കലാരഞ്ജിനി പറഞ്ഞു. മേക്കപ്പിനിടെ സംഭവിച്ച ചെറിയ കയ്യബദ്ധമാണ് ജീവിതത്തെ തന്നെ ബാധിച്ചതെങ്കിലും അതിന്റെ പേരിൽ തനിക്ക് വലിയ ദുഃഖമോ ആരോടും പരാതിയോ ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.
“ആ സമയത്ത് അദ്ദേഹത്തിന് ഭയങ്കര വിഷമമായിരുന്നു. എല്ലാവരും അദ്ദേഹത്തെ എല്ലാ സെറ്റുകളിൽ നിന്നും ഒഴിവാക്കി. പിന്നെ അദ്ദേഹത്തിന്റെ അവസാന നാളുകളിൽ ഞാനായിരുന്നു സഹായിക്കാനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മക്കളുമായും ഇപ്പോഴും വളരെ നല്ല ബന്ധമാണ്. ചെറിയ കയ്യബദ്ധമായിരുന്നു അത്. അങ്ങനെ സംഭവിച്ചതിൽ അദ്ദേഹത്തിനും ഒരുപാട് ദുഃഖമായിരുന്നിരിക്കണം. അദ്ദേഹത്തിന്റെ തൊഴിലിനോട് അങ്ങനെ ചെയ്യില്ല. മലയാളത്തിലെ ഏറ്റവും വലിയ മേക്കപ്പ് ആർട്ടിസ്റ്റാണ് കെ.വി. ഭാസ്‌കർ. അദ്ദേഹം ഒരിക്കലും അറിഞ്ഞുകൊണ്ട് ചെയ്തതല്ല, ഒരു കയ്യബദ്ധം മാത്രമായിരുന്നു,” കലാരഞ്ജിനി പറഞ്ഞു.
“പക്ഷേ അതെന്റെ ജീവിതവും ഇങ്ങനെയാക്കുമെന്ന് അദ്ദേഹവും വിചാരിച്ചുകാണില്ലല്ലോ. അതുകൊണ്ട് എനിക്ക് വലിയ ദുഃഖങ്ങളൊന്നുമുണ്ടായിട്ടില്ല. ഞാൻ അന്ന് മുതൽ അഭിനയിക്കുന്നുണ്ട്. അതിന് കാരണം എന്റെ സഹപ്രവർത്തകരായ എല്ലാ ആർട്ടിസ്റ്റുകളും യൂണിറ്റും നൽകിയ പിന്തുണയാണ്. ഞാൻ ഡയലോഗ് പറയുമ്പോൾ ‘സൈലൻസ്’ എന്ന് പറയുമായിരുന്നു. കാരണം കൂടെ അഭിനയിക്കുന്നവർക്ക് പ്രതികരിക്കേണ്ടതുണ്ടല്ലോ. അതിന് എല്ലാവരും എന്നോട് സഹകരിച്ചതുകൊണ്ടാണ് ഇത് മുന്നോട്ട് പോയത്,” അവർ പറഞ്ഞു.
തനിക്ക് ഡബ്ബ് ചെയ്യണമോയെന്ന് പലരോടും ചോദിച്ചിരുന്നെങ്കിലും അതേക്കുറിച്ച് താൻ വലിയ രീതിയിൽ ചിന്തിച്ചിരുന്നില്ലെന്നും കലാരഞ്ജിനി പറഞ്ഞു. അമ്പിളിയായിരുന്നു ഏറെക്കാലം തനിക്കായി ഡബ്ബ് ചെയ്തിരുന്നത്. എന്നാൽ അമ്പിളി ഇപ്പോഴില്ല.
തന്റെ ശബ്ദം തന്നെ വേണമെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് ആവശ്യപ്പെട്ടപ്പോഴും ആദ്യം തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ലെന്നും കലാരഞ്ജിനി പറഞ്ഞു. പിന്നീട് ‘ചിറകൊടിഞ്ഞ കിനാവുകൾ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ സ്വന്തം ശബ്ദത്തിൽ തന്നെ ഡബ്ബ് ചെയ്യുകയായിരുന്നു. ‘കൃഷ്ണദാസ് ഭരതനാട്യം’ ഉൾപ്പെടെയുള്ള സിനിമകളിലും തന്റെ ശബ്ദം മതിയെന്ന് പറഞ്ഞ് അത് തന്നെ ഉപയോഗിച്ചവരോട് വലിയ നന്ദിയുണ്ടെന്നും കലാരഞ്ജിനി വ്യക്തമാക്കി.
