തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പൂഴിക്കുന്ന് സ്വദേശി രാജൻ (41) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
രാജന്റെ ശരീരത്തിൽ 35ഓളം വെട്ടുകളേറ്റിട്ടുണ്ട്. മൃതദേഹം തലയറുത്ത നിലയിലായിരുന്നു. കൊലപാതകത്തിന് ശേഷം അനൂപ് വാഹനത്തിൽ വിഴിഞ്ഞം ഭാഗത്തേക്ക് പോയി. വാഹനപരിശോധനയ്ക്കിടെ അനൂപിന്റെ ശരീരത്തിൽ രക്തക്കറ കണ്ട പൊലീസ് വാഹനം തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. പുലർച്ചെയാണ് കൊലപാതകം നടന്നത്. ഇരുവരും പുലർച്ചെവരെ ഇരുന്ന് മദ്യപിച്ചിരുന്നതായി പൊലീസ് സൂചിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
