Home Top Storiesആരോഗ്യവകുപ്പിൽ ഭരണസ്തംഭനം; 35 ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി പിടിച്ചുവെച്ചെന്ന് കെ. മുരളീധരൻ, മുഖ്യമന്ത്രിക്ക് പരാതി നൽകി

ആരോഗ്യവകുപ്പിൽ ഭരണസ്തംഭനം; 35 ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി പിടിച്ചുവെച്ചെന്ന് കെ. മുരളീധരൻ, മുഖ്യമന്ത്രിക്ക് പരാതി നൽകി

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിൽ ആരോഗ്യമന്ത്രി കെ. മുരളീധരനും പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫും തമ്മിലുള്ള പോര് കടുക്കുന്നു. വകുപ്പ് പ്രവർത്തനങ്ങൾ പൂർണ്ണമായി തടസ്സപ്പെടുന്ന രീതിയിലേക്ക് ഐ.എ.എസ് പോര് വളർന്നതോടെ, സെക്രട്ടറിയെ ചുമതലകളിൽ നിന്ന് അടിയന്തരമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രിയെ നേരിട്ട് പരാതി അറിയിച്ചു. താൻ നടപടി നിർദ്ദേശിച്ച 35 പ്രധാന ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി ബോധപൂർവ്വം പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് മന്ത്രിയുടെ പ്രധാന ആക്ഷേപം.

കെ.എം.എസ്.സി.എൽ (KMSCL) മുൻകാല മരുന്ന് ഇടപാടുകളിലെ അഴിമതിയെക്കുറിച്ചുള്ള പരിശോധന, മുൻ സർക്കാരിനെ സംരക്ഷിക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകൾ, നിർമ്മാണ അറ്റകുറ്റപ്പണികൾക്ക് സി.എസ്.ആർ (CSR) ഫണ്ട് വിനിയോഗിക്കൽ, മെഡിക്കൽ കോളേജുകൾക്ക് പ്രത്യേക സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) രൂപീകരണം തുടങ്ങിയ നിർണായക തീരുമാനങ്ങളിലെല്ലാം സെക്രട്ടറി അനുമതി വൈകിക്കുകയാണെന്ന് മന്ത്രി ആരോപിക്കുന്നു. കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ കെട്ടുപോലും പൊട്ടിക്കാതെ കിടക്കുന്നതിലും, പൂർത്തിയായ കെട്ടിടങ്ങൾ നശിക്കുന്നതിലും ഓഡിറ്റ് നടത്താനുള്ള നിർദ്ദേശവും നടപ്പിലായിട്ടില്ല.

സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമം നേരിട്ടിട്ടും വാങ്ങലിനുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കാതിരുന്നതാണ് മന്ത്രിയും സെക്രട്ടറിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയത്. ഇതെല്ലാം വകുപ്പിനുള്ളിലെ ആഭ്യന്തര കാര്യങ്ങൾ മാത്രമാണെന്ന നിലപാടിലാണ് പ്രിൻസിപ്പൽ സെക്രട്ടറി. ഫയലുകൾ തടഞ്ഞുവെച്ചെന്ന ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിക്കാൻ ശർമ്മിള മേരി ജോസഫ് തയ്യാറായിട്ടില്ല. പോര് തെരുവിലേക്ക് നീണ്ടതോടെ ഭരണതലത്തിൽ വിഷയം വൻ രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്.

You may also like