Home Internationalകരിങ്കടലിലെ ആക്രമണം; കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ, ഒരാൾ ചികിത്സയിൽ

കരിങ്കടലിലെ ആക്രമണം; കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ, ഒരാൾ ചികിത്സയിൽ

by news_desk1
0 comments

ബുക്കാറസ്റ്റ്: കരിങ്കടലിൽ ആക്രമിക്കപ്പെട്ട കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികരും സുരക്ഷിതരെന്ന് റൊമാനിയയിലെ ഇന്ത്യൻ എംബസി. ഇവരിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എംബസി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കരീബിയൻ രാജ്യമായ സെയ്ന്റ് കിറ്റ്സ് ആൻഡ് നെവിസിന്റെ പതാകയുള്ള എംവി റോയാഡ് മമ്മാഡോവ് എന്ന കപ്പലിന് നേരെ കരിങ്കടലിൽ ആക്രമണമുണ്ടായത്. കരീബിയൻ രാജ്യത്തിന്റെ പതാകയുള്ള കപ്പലാണെങ്കിലും തുർക്കിയിലെ ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. ആക്രമണത്തിൽ കപ്പലിലെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു.

പരിക്കേറ്റ ജീവനക്കാരെ ആക്രമണം നടന്ന ദിവസം തന്നെ ചികിത്സയ്ക്കായി റൊമാനിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചത്. കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരും സുരക്ഷിതരാണ്. ഇതിൽ ഒരാൾക്കാണ് പരിക്കേറ്റത്. അദ്ദേഹത്തിന് ആവശ്യമായ ചികിത്സ നൽകിവരികയാണെന്നും ആശുപത്രി അധികൃതരുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.

കപ്പലിലെ ഇന്ത്യൻ ജീവനക്കാരുമായി ഇന്ത്യൻ അംബാസഡർ മനോജ് മോഹപാത്ര നേരിട്ട് സംസാരിച്ചതായും എംബസി അറിയിച്ചു.

You may also like