കണ്ണൂർ: ക്രിമിനൽ കേസ് പ്രതിയും കാരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് പ്രതിയുമായ അർജുൻ ആയങ്കിക്കെതിരെ കേരള വിരുദ്ധ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ – KAAPA) ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച അടിയന്തര ശുപാർശ അംഗീകരിച്ചാണ് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ഐ.എ.എസ് ഉത്തരവിറക്കിയത്.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒമ്പത് വലിയ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുന്റെ മുൻകാല കുറ്റകൃത്യങ്ങളുടെ സ്വഭാവവും കാഠിന്യവും വിശദമായി പരിശോധിച്ച ശേഷമാണ് ഈ കടുത്ത നടപടി. ഉത്തരവ് അടിയന്തരമായി നടപ്പിലാക്കി ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തുടനീളമായി വധശ്രമവും സ്വർണ്ണം പൊട്ടിക്കലും ഉൾപ്പെടെ 23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ 12 കേസുകൾ വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രിക്കും കേരള പോലീസിനും എതിരെ സമൂഹമാധ്യമങ്ങൾ വഴി പരസ്യമായി വെല്ലുവിളിക്കുകയും അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തതിനെത്തുടർന്നാണ് ഈ മാസം ഒമ്പതിന് കണ്ണൂരിൽ വെച്ച് പോലീസ് ഇയാളെ പിടികൂടിയത്.
