Home Top Storiesപ്രതിപക്ഷ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഡൽഹി പോലീസ്; പെല്ലറ്റ് ആക്രമണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തീരുമാനം

പ്രതിപക്ഷ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഡൽഹി പോലീസ്; പെല്ലറ്റ് ആക്രമണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തീരുമാനം

by news_desk
0 comments

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കെതിരായ പെല്ലറ്റ് ആക്രമണത്തിൽ ഒടുവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തീരുമാനം. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട കടുത്ത കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് ഡൽഹി പോലീസ് വഴങ്ങിയത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഡി.സി.പിയുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്ക് ശേഷമാണ് കേസെടുക്കാൻ പോലീസ് തയ്യാറായത്.

പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാർത്ഥി സാഹിൽ ലോച്ചാബിന്റെ മൊഴിയുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് തിരിച്ചറിയാത്ത ആളുകൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റ് റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാഹിൽ നേരത്തെ പരാതി നൽകാൻ ശ്രമിച്ചിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചിരുന്നു. തുടർന്നാണ് പരിക്കേറ്റ പെല്ലറ്റുകളും മെഡിക്കൽ രേഖകളും സഹിതം രാഹുൽ ഗാന്ധി വിദ്യാർത്ഥിക്കൊപ്പം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പ്രതിഷേധിച്ചത്. കേസ് എടുക്കുന്നത് വരെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷവിമർശനവും ഉന്നയിച്ചു. സമരം വിജയത്തിലെത്തിയതോടെയാണ് പ്രതിപക്ഷ പ്രതിഷേധത്തിന് തൽക്കാലം ശമനമായത്.

You may also like