തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം നൽകാനാവില്ലെന്ന സി.പി.എം നിലപാടിൽ വിയോജിപ്പ് കടുപ്പിച്ച് സി.പി.ഐ. വിഷയം ചർച്ച ചെയ്യാൻ ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ, നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന നിർദ്ദേശം ഉയർന്നു. ഇടതുമുന്നണി എന്നാൽ സി.പി.എം മാത്രമാണെന്ന രീതി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഉപനേതാവ് സ്ഥാനത്തിനായുള്ള ആവശ്യത്തിൽ നിന്നും പാർട്ടി പിന്നോട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം പ്രതിപക്ഷത്തിരിക്കുന്ന ഇടതുമുന്നണിയിൽ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള കടുത്ത തർക്കം മൂലം എൽ.ഡി.എഫ് യോഗങ്ങൾ പോലും നീണ്ടുപോകുന്ന സാഹചര്യമാണ്. പ്രതിപക്ഷ ഉപനേതാവായി സി.പി.എമ്മിന്റെ കെ.എൻ. ബാലഗോപാലിനെ ഉയർത്തിക്കാട്ടുമ്പോൾ, തങ്ങളുടെ മുതിർന്ന നേതാവ് കെ. രാജന് ആ പദവി നൽകണമെന്നാണ് സി.പി.ഐയുടെ ആവശ്യം.
മുൻപ് വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സി.പി.എമ്മിലെ കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവെന്ന കീഴ്‌വഴക്കമാണ് സി.പി.എം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ എൽ.ഡി.എഫിനുള്ളിൽ പദവികൾ പങ്കുവെക്കപ്പെടണമെന്നും, സി.പി.എം തങ്ങളുടെ നിർബന്ധബുദ്ധി ഉപേക്ഷിച്ച് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നുമാണ് സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാട്. തർക്കം പരിഹരിക്കപ്പെടാത്തപക്ഷം സഭയിൽ പ്രത്യേക ബ്ലോക്കായി പ്രവർത്തിക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങാനാണ് സി.പി.ഐ ആലോചിക്കുന്നത്.
