Home Top Storiesവീണ ടി.ക്കെതിരായ ഇഡി നീക്കത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല; വിഷയത്തിൽ നിന്ന് അകലം പാലിക്കാൻ സിപിഐ

വീണ ടി.ക്കെതിരായ ഇഡി നീക്കത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല; വിഷയത്തിൽ നിന്ന് അകലം പാലിക്കാൻ സിപിഐ

by news_desk1
0 comments

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എക്സാലോജിക് എം.ഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ ടി.ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന നടപടിയിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സിപിഐ. വിഷയത്തിൽ നിന്ന് അകലം പാലിക്കാനാണ് പാർട്ടി നേതൃയോഗത്തിന്റെ തീരുമാനം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് സംസ്ഥാന കൗൺസിലിന്റെ നിലപാട്.

നേതാക്കൾ വിഷയത്തെ ന്യായീകരിച്ച് അഭിപ്രായം പറയേണ്ട സാഹചര്യമില്ലെന്നും യോഗം തീരുമാനിച്ചു. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും എക്സിക്യൂട്ടീവ് കൗൺസിലിന്റെയും യോഗത്തിൽ വിഷയം ചർച്ചയായി.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയവും ബിസിനസും രണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഇതിലൊന്നും സിപിഐ കക്ഷിയേ അല്ല. ഇത്തരം കൊടുക്കൽ വാങ്ങലുകളിൽ ഒരു പങ്കും സിപിഐക്കില്ല. ഉണ്ടാവുകയുമില്ല. സിപിഐക്ക് ഒന്നും പറയാനില്ല. ഇടതുപക്ഷ രാഷ്ട്രീയം വേറെ, ബിസിനസ് വേറെ,” എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കും രാഷ്ട്രീയവും ബിസിനസും വേറെയാണെന്ന നിലപാട് തന്നെയാണ് അദ്ദേഹം ആവർത്തിച്ചത്.

അതേസമയം, ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ മാസം 23ന് കോഴിക്കോട് മുതലക്കുളത്ത് നടക്കുന്ന യോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കും.

ഇന്നലെ ചേർന്ന കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്തിരുന്നു. തുടർന്നാണ് വിഷയത്തെ രാഷ്ട്രീയമായി നേരിടാനും പാർട്ടി പ്രവർത്തകർക്ക് വിശദീകരണം നൽകാനും തീരുമാനിച്ചത്.

You may also like