തിരുവനന്തപുരം: ഓണദിനങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ നാളെ മുതൽ തിരുവോണം വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്. ബംഗാൾ ഉൾക്കടലിലും വടക്കൻ ആന്ധ്രാപ്രദേശിന് മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.
നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
മഴയ്ക്കൊപ്പം കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് കേരള–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
