അമേരിക്കയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഡൊണാൾഡ് ട്രംപിന്റെ മുഖം ആലേഖനം ചെയ്ത പുതിയ പ്രത്യേക പതിപ്പ് നാണയങ്ങളാണ്. അമേരിക്കയുടെ ചരിത്രത്തിൽ ഒരു നൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ചിത്രം രാജ്യത്തെ നാണയത്തിൽ ഇടംപിടിക്കുന്നത്. നിയമപരമായ തടസ്സങ്ങൾ മറികടന്ന് പുറത്തിറക്കിയ ഈ പ്രത്യേക പതിപ്പ് നാണയങ്ങൾ വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കകം വിറ്റുതീർന്നതായും റിപ്പോർട്ടുണ്ട്.
ട്രംപിന്റെ മുഖചിത്രത്തിനൊപ്പം ‘സ്വാതന്ത്ര്യം’, ‘ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു’ എന്നീ വാക്കുകളും പുതിയ നാണയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ അഭിമാനവും പൈതൃകവും വിളിച്ചോതുന്ന ചരിത്രപരമായ നാഴികക്കല്ലായാണ് പ്രത്യേക പതിപ്പ് നാണയത്തെ യുഎസ് മിന്റ് വിശേഷിപ്പിക്കുന്നത്. ഭാവിയിൽ നാണയശേഖരണക്കാരുടെ പ്രിയപ്പെട്ട ഇനമായി ഇത് മാറുമെന്നും വ്യക്തമാക്കുന്നു.
മണിക്കൂറുകൾക്കകം വിറ്റുതീർന്നു
സ്വർണനിറത്തിൽ കാണപ്പെടുന്നെങ്കിലും നാണയത്തിൽ യഥാർഥ സ്വർണം ഉപയോഗിച്ചിട്ടില്ല. 88.5 ശതമാനം ചെമ്പും ബാക്കി സിങ്ക്, മാംഗനീസ്, നിക്കൽ എന്നിവയും ചേർത്താണ് നാണയം നിർമ്മിച്ചിരിക്കുന്നത്.
നാണയങ്ങൾക്ക് അമേരിക്കയിൽ വലിയ ആവശ്യമാണ്. 25 നാണയങ്ങളുള്ള ഒരു റോളിന് 61 ഡോളറും 100 നാണയങ്ങളുള്ള ബാഗിന് 154.50 ഡോളറുമാണ് വില. വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ യുഎസ് മിന്റിന്റെ വെബ്സൈറ്റിൽ ഇവ പൂർണമായും വിറ്റുതീർന്നു. വാഷിങ്ടൺ ഡിസിയിലെ യുഎസ് മിന്റ് സ്റ്റോറിലെ വെൻഡിങ് മെഷീനുകൾ വഴിയും നാണയങ്ങൾ വിൽക്കുന്നുണ്ട്.
കഴിഞ്ഞ മേയിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളറിന്റെ പുതിയ നോട്ടുകൾ പുറത്തിറക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞിരുന്നു. എന്നാൽ, 1866-ലെ നിയമപ്രകാരം ജീവിച്ചിരിക്കുന്ന ഒരാളുടെ ചിത്രം യുഎസ് കറൻസി നോട്ടുകളിൽ അച്ചടിക്കുന്നത് അമേരിക്കൻ ഫെഡറൽ നിയമം വിലക്കുന്നുണ്ട്. ഇതിന് ഇളവ് കൊണ്ടുവരാൻ ട്രംപ് അനുകൂലികൾ കോൺഗ്രസിൽ നിയമനിർമാണത്തിന് ശ്രമിച്ചെങ്കിലും അത് ഇതുവരെ പാസായിട്ടില്ല.
എന്നാൽ, നോട്ടുകൾക്കുള്ള ഈ വിലക്ക് പരമ്പരാഗതമായി നാണയങ്ങൾക്ക് ബാധകമല്ല. 2020-ൽ ട്രംപിന്റെ ആദ്യ ഭരണകാലത്ത് കൊണ്ടുവന്ന നിയമപ്രകാരം നാണയത്തിന്റെ പിൻഭാഗത്ത് ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രം നൽകാൻ പാടില്ല. എന്നാൽ മുൻഭാഗത്ത് ചിത്രം നൽകുന്നതിന് വിലക്കില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ ചിത്രം നാണയത്തിന്റെ മുൻഭാഗത്ത് നൽകിയിരിക്കുന്നത്.
ഇതിനുമുമ്പ് 1926-ൽ അന്നത്തെ പ്രസിഡന്റ് കാൽവിൻ കൂളിഡ്ജിന്റെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തിയിരുന്നു. അതിനുശേഷം ഇതാദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ചിത്രം അമേരിക്കൻ നാണയത്തിൽ ഇടംപിടിക്കുന്നത്. ലോകത്തെ ശ്രദ്ധേയമായ ശേഖരണ ഇനങ്ങളുടെ പട്ടികയിലേക്കാണ് ട്രംപിന്റെ മുഖമുള്ള ഈ നാണയവും ഇടംപിടിക്കുന്നത്.
