ദില്ലി: കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് രാത്രി ദില്ലിയിലെത്തും. നാളെ നടക്കുന്ന യോഗത്തിന് ശേഷം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സംസ്ഥാനത്തെ പാർട്ടിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളും സർക്കാരിന്റെ പ്രവർത്തനങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
കെ.പി.സി.സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കപ്പെടുമെന്ന് സൂചനയുണ്ട്. സംസ്ഥാനത്ത് പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ദില്ലി സന്ദർശനം. പാർട്ടിയെയും സർക്കാരിനെയും സംബന്ധിച്ച വിവിധ വിഷയങ്ങളിൽ നേതൃത്വവുമായി സതീശൻ ചർച്ച നടത്തുമെന്നാണ് വിവരം.
