പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ അപര്യാപ്തമാണെന്ന് ബസ് ഉടമകൾ അറിയിച്ചു. മറ്റന്നാൾ സമര പ്രഖ്യാപനം നടത്തും. മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്നാണ് പ്രധാന ആവശ്യം.
പ്രിയദർശിനി പദ്ധതി മൂലമുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കുന്നതടക്കമുള്ള നിർദേശങ്ങളാണ് വിദഗ്ധ സമിതി മുന്നോട്ടുവച്ചത്. ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തുന്നതാണ് സ്വകാര്യ മേഖലയിലെ സാമ്പത്തിക നഷ്ടത്തിന് പ്രധാന കാരണമെന്നാണ് സമിതിയുടെ കണ്ടെത്തൽ. കെഎസ്ആർടിസി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിന് എടുക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.
എന്നാൽ സ്വകാര്യ ബസ് മേഖലയ്ക്ക് പ്രതീക്ഷ നൽകുന്ന നിർദേശങ്ങളൊന്നും റിപ്പോർട്ടിലില്ലെന്നാണ് ഉടമകളുടെ പ്രതികരണം. ഇതോടെയാണ് സമരത്തിലേക്ക് നീങ്ങാനുള്ള തീരുമാനം.
