കൊച്ചി: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ ഭക്ഷ്യവസ്തുക്കൾക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതി ശക്തമായതിനെ തുടർന്ന് ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന. ഭക്ഷ്യമന്ത്രിയുടെ നിർദേശപ്രകാരം കൊച്ചിയിലെ മാളുകളിലുള്ള മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി പരിശോധന നടത്തി.
കൊച്ചി എംജി റോഡിലെ മാളിലുള്ള സിനിപോളിസിൽ നടത്തിയ പരിശോധനയിൽ 360 ഗ്രാം പോപ്‌കോണിന് 540 രൂപയാണ് ഈടാക്കുന്നതെന്ന് കണ്ടെത്തി. എന്നാൽ പോപ്‌കോൺ അൺപാക്ട് ഫുഡ് വിഭാഗത്തിൽപ്പെടുന്നതിനാൽ ഇക്കാര്യത്തിൽ ലീഗൽ മെട്രോളജി വകുപ്പിന് നടപടിയെടുക്കാനാകില്ല. ഭാരം, എംആർപി തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളിൽ വകുപ്പിന് ഇടപെടാൻ കഴിയുമെങ്കിലും പരിശോധനയിൽ ഇത്തരം ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ല.
ഉച്ചയ്ക്കുശേഷം വൈറ്റില മാളിലെ പിവിആറിലും പരിശോധന നടത്തും.
അതിനിടെ, തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ തിയേറ്ററുകളിൽ ഭക്ഷ്യവസ്തുക്കൾക്ക് ഈടാക്കുന്ന വില കുറയ്ക്കുന്നത് സംബന്ധിച്ച് തിയേറ്റർ ഉടമകളുടെ യോഗം വിളിക്കുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. തിയേറ്ററുകളിലെ ഭക്ഷ്യവസ്തുക്കളുടെ അമിത വില സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായാണ് യോഗം വിളിക്കുന്നത്.
