സൂരി നായകനാകുന്ന പുതിയ ചിത്രമായ **‘മണ്ടാടി’**യിൽ മലയാളി നടി മഹിമ നമ്പ്യാരാണ് നായികയായി എത്തുന്നത്. കടലിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തെക്കുറിച്ചും മഹിമ കഥാപാത്രം ഏറ്റെടുത്തതിനെക്കുറിച്ചും സൂരി സംസാരിക്കുകയാണ്.
മണ്ടാടിയുടെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കവെയാണ് പലരും നിരസിച്ച കഥാപാത്രം ഏറ്റെടുത്ത് അഭിനയിക്കാൻ തയ്യാറായ മഹിമയ്ക്ക് സൂരി നന്ദി പറഞ്ഞത്.
“ഒരുപാട് ആളുകളെ ഈ കഥാപാത്രത്തിനായി സമീപിച്ചിരുന്നു. എന്നാൽ പലരും പല കാരണങ്ങളാൽ ഒഴിഞ്ഞുമാറി. ഓരോരുത്തർക്കും അവരവരുടേതായ ഇഷ്ടങ്ങളുണ്ട്. പലരും വേണ്ടെന്ന് പറഞ്ഞ ആ വേഷം കഥ മുഴുവനും കേട്ടശേഷം, കഥാപാത്രത്തിന്റെ വ്യാപ്തി മനസിലാക്കി മഹി ഏറ്റെടുക്കുകയായിരുന്നു. കഥ എന്താണെന്ന് മാത്രമാണ് അവർ നോക്കിയത്. അഭിനന്ദനങ്ങൾ മഹി,” സൂരി പറഞ്ഞു.
കോമഡി കഥാപാത്രങ്ങളിലൂടെ സിനിമാരംഗത്ത് ശ്രദ്ധേയനായ സൂരിയുടെ സിനിമാ യാത്ര പലർക്കും പ്രചോദനമായ ഒന്നാണ്.
സെപ്റ്റംബർ 10നാണ് ‘മണ്ടാടി’ തിയേറ്ററുകളിലെത്തുന്നത്. മതിമാരൻ പുകഴേന്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർഎസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് നിർമാണം.
തെലുങ്ക് താരം സുഹാസ് ചിത്രത്തിൽ വില്ലൻ കഥാപാത്രമായി എത്തുന്നു. സത്യരാജ്, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റണ്ട് ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
