കണ്ണൂർ: ആരോപണങ്ങൾക്കും അപവാദങ്ങൾക്കും മുന്നിൽ തലകുനിക്കില്ലെന്നും അന്വേഷണത്തെ ഭയന്ന് ഒളിച്ചോടില്ലെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ തനിക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച നടപടിയെ സർവാത്മനാ സ്വാഗതം ചെയ്യുന്നതായും ദിവ്യ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
“ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും, ഉപ്പ് തിന്നവർ വെള്ളം കുടിക്കും” എന്ന നിലപാടിലാണ് ദിവ്യ. അന്വേഷണം ഭയന്ന് നാടുവിടാനോ അത് തടയാൻ ഇടപെടാനോ ഉദ്ദേശിക്കുന്നില്ലെന്നും ഭയന്ന് വിറച്ച് മാളത്തിലൊളിക്കാൻ തയാറല്ലെന്നും അവർ പറഞ്ഞു. തന്നെ തകർക്കാമെന്ന് കരുതുന്നവരോട് പറയാനുള്ളത് ഒന്നേയുള്ളൂവെന്നും ആരോപണങ്ങൾക്കു മുന്നിൽ തലകുനിക്കില്ലെന്നും ദിവ്യ വ്യക്തമാക്കി.
സത്യം തെളിയിക്കാനുള്ള അവസരമായാണ് ഓരോ അന്വേഷണത്തെയും കാണുന്നതെന്നും എവിടേക്കും ഒളിച്ചോടാതെ ഇവിടെത്തന്നെ ഉണ്ടാകുമെന്നും അവർ കുറിച്ചു.
തങ്ങളുടെ കുടുംബത്തിന്റെ സ്വത്തുവിവരങ്ങളും ദിവ്യ വിശദീകരിച്ചു. ഭർത്താവിന്റെ പേരിൽ അഞ്ച് സെന്റ് സ്ഥലവും 1,236 ചതുരശ്ര അടി വിസ്തീർണമുള്ള വീടുമാണുള്ളതെന്ന് അവർ പറഞ്ഞു. അഞ്ച് ലക്ഷം രൂപ പോലും വില ലഭിക്കാത്ത 50 സെന്റ് ഭൂമി ബാങ്ക് വായ്പയെടുത്താണ് വാങ്ങിയത്. വീട്ടിൽ ഒരു ഇരുചക്രവാഹനവും ഒരു കാറുമുണ്ട്. ഇതല്ലാതെ അനധികൃത സമ്പാദ്യങ്ങളൊന്നും തങ്ങൾക്കില്ലെന്നും ഒന്നും മറച്ചുവെച്ചുള്ള പ്രസ്താവനയല്ല ഇതെന്നും ദിവ്യ അവകാശപ്പെട്ടു.
നേരത്തെയും അന്വേഷണം നടന്നിട്ടുണ്ടെന്നും ഇപ്പോൾ വിജിലൻസ് വീണ്ടും അന്വേഷിക്കട്ടെയെന്നുമാണ് ദിവ്യയുടെ നിലപാട്. സത്യസന്ധതയുണ്ടെങ്കിൽ അന്വേഷണത്തെ ഭയക്കേണ്ട കാര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
