Home Kerala‘കേരള ബാങ്കിനെ തകർക്കാൻ ആർക്കുമാകില്ല’ പിണറായി വിജയൻ

‘കേരള ബാങ്കിനെ തകർക്കാൻ ആർക്കുമാകില്ല’ പിണറായി വിജയൻ

by news_desk1
0 comments

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയുടെ വളർച്ചയുടെ അടയാളമായ കേരള ബാങ്കിനെ തകർക്കാൻ ആർക്കും സാധിക്കില്ലെന്ന് പിണറായി വിജയൻ. ബാങ്ക് നേടിയ വളർച്ചയും വിജയവും ആർക്കും മറച്ചുവയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിനെയും സഹകരണ മേഖലയെയും തകർക്കുന്നുവെന്ന് ആരോപിച്ച് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സഹകരണ മേഖലയെ ത്രിതല സംവിധാനത്തിൽനിന്ന് ദ്വിതലത്തിലേക്ക് മാറ്റിയത് എൽഡിഎഫ് സർക്കാരിന്റെ നയമായിരുന്നുവെന്നും ഇപ്പോൾ വീണ്ടും ത്രിതല സംവിധാനത്തിലേക്ക് മടങ്ങാനുള്ള നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്നും പിണറായി ആരോപിച്ചു. സഹകരണ മേഖല കൈവരിച്ച നേട്ടങ്ങൾ തകർക്കാനാണ് ഈ നീക്കമെന്നും എല്ലാ മേഖലകളിലും തകർക്കൽ നയമാണ് യുഡിഎഫ് സർക്കാർ പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കേരള ബാങ്ക് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. പെൻഷൻ കേരള ബാങ്കിന് കൈമാറുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് നടപ്പാക്കുക, വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിൽ പെൻഷൻ ബോർഡിന്റെ ഭാഗത്തുണ്ടായ വീഴ്ചകൾ പരിഹരിക്കുക, പെൻഷൻ പ്രായം 60 വയസ്സായി ഉയർത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

സ്ഥലംമാറ്റം, നിയമനം എന്നിവയിൽ സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ അവസാനിപ്പിക്കുക, എജിഎമ്മിന് അർഹമായ ഡിജിഎം സ്ഥാനക്കയറ്റം നൽകുന്നതിലെ തടസ്സങ്ങൾ നീക്കി സർക്കാർ ഉത്തരവിറക്കുക തുടങ്ങിയ ആവശ്യങ്ങളും ഫെഡറേഷൻ മുന്നോട്ടുവച്ചു.

മുൻ സഹകരണ വകുപ്പ് മന്ത്രിയും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ടി.ആർ. രമേഷ്, ജനറൽ സെക്രട്ടറി കെ.പി. ഷാ, ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എസ്.എസ്. അനിൽ, അഖിലേന്ത്യാ കമ്മിറ്റി അംഗം കെ.ടി. അനിൽകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഹരികുമാർ എന്നിവർ സംസാരിച്ചു.

You may also like