മുണ്ടക്കയം: ബാങ്കിലെ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കാമെന്ന വാഗ്ദാനം, പിന്നീട് അക്കൗണ്ടിലെ പണം നഷ്ടപ്പെടാൻ കാരണമായെന്ന് പരാതി. ബാങ്കിലെത്തിയ വയോധികയുമായി സൗഹൃദം സ്ഥാപിച്ച് ഫോമുകളിൽ ഒപ്പിടുവിച്ച് 1.70 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കൂട്ടിക്കൽ ചപ്പാത്ത് സ്വദേശിനി ജ്യോതി കൃഷ്ണയെ (36) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു.
മുറികല്ലുംപുറം പ്ലാമൂട്ടിൽ ലത പുരുഷന്റെ ബാങ്ക് അക്കൗണ്ടിൽനിന്നാണ് 1,70,000 രൂപ നഷ്ടപ്പെട്ടത്. ടി.ആർ. ആൻഡ് ടി എസ്റ്റേറ്റിൽനിന്ന് വിരമിച്ച ലത, ഗ്രാറ്റുവിറ്റി തുകയുടെ ചെക്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനായി സെപ്റ്റംബർ 16ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലെത്തിയിരുന്നു. ഈ സമയത്ത് ഫോമുകൾ പൂരിപ്പിക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് ജ്യോതി കൃഷ്ണ പരിചയപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
സെപ്റ്റംബർ 17ന് ചെക്ക് മാറി തുക അക്കൗണ്ടിലെത്തിയതായി ബാങ്കിൽനിന്ന് ലതയ്ക്ക് അറിയിപ്പ് ലഭിച്ചു. അന്നുതന്നെ ജ്യോതി കൃഷ്ണ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും സഹായിക്കാനെന്ന പേരിൽ വീണ്ടും ബാങ്കിലെത്തുകയും ചെയ്തു.
പാസ്ബുക്കിൽ പണം രേഖപ്പെടുത്തിയശേഷം മറ്റു ചില ഫോമുകളിൽ കൂടി ഒപ്പിടാൻ ജ്യോതി കൃഷ്ണ ആവശ്യപ്പെട്ടെന്നാണ് പരാതി. ഈ ഫോമുകളിൽ ഒപ്പിട്ടതിലൂടെ ലതയുടെ അക്കൗണ്ടിലുണ്ടായിരുന്ന 1.70 ലക്ഷം രൂപ ജ്യോതി കൃഷ്ണയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞ ലത സെപ്റ്റംബർ 26ന് മുണ്ടക്കയം പൊലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ്, സംഭവത്തിനുശേഷം ഒളിവിൽ പോയ ജ്യോതി കൃഷ്ണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
