Home Businessഎയർ കാർഗോ ഹബ്ബാകാൻ കൊച്ചി; 25 മുതൽ ഫ്ലൈ ദുബായ് ചരക്കുവിമാന സർവീസും

എയർ കാർഗോ ഹബ്ബാകാൻ കൊച്ചി; 25 മുതൽ ഫ്ലൈ ദുബായ് ചരക്കുവിമാന സർവീസും

by news_desk1
0 comments

കൊച്ചി: കേരളത്തിന്റെ പ്രധാന എയർ കാർഗോ ഹബ്ബായി വളരാനുള്ള നീക്കങ്ങൾക്ക് കരുത്തേകി കൊച്ചി വിമാനത്താവളത്തിൽനിന്ന് ഫ്ലൈ ദുബായ് ചരക്കുവിമാന സർവീസ് ആരംഭിക്കുന്നു. ഈ മാസം 25 മുതൽ ദുബായ്–കൊച്ചി–ദുബായ് റൂട്ടിൽ ആഴ്ചയിൽ ഒരു സർവീസാണ് ആദ്യഘട്ടത്തിൽ നടത്തുക. ബി 737 ഫ്രൈയ്റ്റർ വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.

അടുത്തിടെയാണ് ഫ്ലൈ ദുബായ് കാർഗോ സർവീസ് ആരംഭിച്ചത്. സോളിറ്റ് എയറിൽനിന്ന് പാട്ടത്തിനെടുത്ത മൂന്ന് ചരക്കുവിമാനങ്ങളാണ് കമ്പനി നിലവിൽ പ്രവർത്തിപ്പിക്കുന്നത്. ഓരോ വിമാനത്തിലും 23 ടൺ വരെ ചരക്കുകൾ കൊണ്ടുപോകാൻ കഴിയും.

കൊച്ചിയിൽനിന്ന് കാർഗോ സർവീസ് ആരംഭിക്കുന്ന മൂന്നാമത്തെ വിമാനക്കമ്പനിയാണ് ഫ്ലൈ ദുബായ്. ഇൻഡിഗോയും നാഷനൽ എയർലൈൻസും നിലവിൽ ഇവിടെനിന്ന് ചരക്കുവിമാന സർവീസുകൾ നടത്തുന്നുണ്ട്.

കാർഗോ ടെർമിനലുകളുടെ വികസനം പൂർത്തിയായതോടെ കൂടുതൽ ചരക്കുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും കൊച്ചി വിമാനത്താവളത്തിന് ലഭിച്ചിട്ടുണ്ട്. ഇറക്കുമതി വിഭാഗത്തിന് പ്രതിവർഷം ഒരു ലക്ഷം മെട്രിക് ടൺ ചരക്കുകളും കയറ്റുമതി വിഭാഗത്തിന് 1.25 ലക്ഷം മെട്രിക് ടൺ ചരക്കുകളും കൈകാര്യം ചെയ്യാനാകും.

കഴിഞ്ഞ സാമ്പത്തിക വർഷം കൊച്ചി വിമാനത്താവളത്തിൽ 72,178 ടൺ ചരക്കുകളാണ് കൈകാര്യം ചെയ്തത്. കേരളത്തിൽനിന്നുള്ള ആകെ വിമാന കാർഗോയുടെ ഏകദേശം 60 ശതമാനവും കൊച്ചി വഴിയാണ് നീങ്ങുന്നത്. പുതിയ സർവീസ് കൂടി എത്തുന്നതോടെ ചരക്കുനീക്ക രംഗത്ത് കൊച്ചിയുടെ പ്രാധാന്യം കൂടുതൽ വർധിക്കുമെന്നാണ് പ്രതീക്ഷ.

You may also like