കുന്നംകുളം: സ്വന്തം ചികിത്സയ്ക്കായി വാങ്ങിയ ഡയാലിസിസ് മെഷീൻ മരണശേഷം നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമേകാൻ. പി.എസ്.എം. ഡെന്റൽ കോളേജ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായിരുന്ന പരേതനായ മുഹമ്മദ് കുട്ടി ഹാജിയുടെ സ്മരണാർഥം കോളേജ് മാനേജ്മെന്റാണ് മെഷീൻ കുന്നംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറിയത്. ചികിത്സയ്ക്കായി വാങ്ങിയ ഉപകരണം അദ്ദേഹത്തിന്റെ വേർപാടിനുശേഷം പൊതുജനങ്ങളുടെ സേവനത്തിനായി വിട്ടുനൽകുകയായിരുന്നു.
താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ ഡയാലിസിസ് മെഷീൻ ഏറ്റുവാങ്ങി. സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ സന്നദ്ധപ്രവർത്തനമെന്ന് ചെയർപേഴ്സൺ പറഞ്ഞു. മൂന്ന് ഷിഫ്റ്റുകളിലായി പ്രതിമാസം 650-ഓളം പേർക്ക് ഡയാലിസിസ് സൗകര്യം നൽകുന്ന ആശുപത്രിയിലെ യൂണിറ്റ് ജില്ലയിൽ തന്നെ മാതൃകാപരമാണെന്നും അവർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മിഷ സെബാസ്റ്റ്യൻ, ടി. സോമശേഖരൻ, ആർഷ ജിജു, പി.എസ്.എം. ഡെന്റൽ കോളേജ് ചെയർമാൻ ഡോ. പി.എം. റിയാസ്, ട്രഷറർ പി.എം. അബ്ദുറഹ്മാൻ, ക്ലിനിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. ലുക്ക്മാൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠൻ, പ്രേംരാജ് ചൂണ്ടലാത്ത്, ഷാജി ആലിക്കൽ, ശ്രീജിത്ത് ആവേൻ, ലെബീബ് ഹസൻ എന്നിവർ പങ്കെടുത്തു. കൗൺസിലർമാർ, എച്ച്.എം.സി. അംഗങ്ങൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
