Home Keralaസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പും; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പും; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും, ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന പുതിയ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കേരളത്തിലൂടെ വടക്കൻ തമിഴ്‌നാട് തീരം വരെ ന്യൂനമർദ്ദ പാത്തി (ട്രഫ്) സ്ഥിതിചെയ്യുന്നതും മഴയുടെ തീവ്രത വർദ്ധിപ്പിക്കും.

മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ശക്തികൂടിയ ന്യൂനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി മാറി ഒക്ടോബർ 26-ഓടെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ഇത് ഒക്ടോബർ 28-ഓടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമെത്തുമെന്നാണ് പ്രവചനം. ഇതിന്റെ ഫലമായി കേരളത്തിൽ ഒക്ടോബർ 25, 26 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിലധികം മഴ ലഭിക്കുന്ന അവസ്ഥയാണ് അതിതീവ്ര മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതീവ ജാഗ്രതയുടെ ഭാഗമായി റെഡ് അലർട്ടും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടും ബാധകമായിരിക്കും. 28-ാം തീയതി ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെയുള്ള ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

You may also like